കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രതികളുടെ അപ്പീലിലാണ്സിംഗിള്‍ ബെഞ്ചിന്റെ നടപടി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ. വിചാരണ മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം. അപ്പീലില്‍ പ്രൊസിക്യൂഷന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി രണ്ടുതവണ തള്ളിയിരുന്നു. അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി സി ജെ ഡെന്നിയാണ് രണ്ടാമത് ഹർജി തള്ളിയത്. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയിൽ ആദ്യം ഹർജി നൽകിയെങ്കിലും സത്യവാങ്മൂലം നൽകാത്തതിനാൽ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി നൽകിയെങ്കിലും തള്ളുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി.
2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്തരയ്ക്ക് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മട്ടന്നൂർ എടയന്നൂർ സ്വദേശി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.
ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളുമായ 11 പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
Content Highlights: High Court Stays Trial Proceedings in Thalassery Shuhaib Case