കൊച്ചി: നടന് സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. സലിം കുമാറിന്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി പറഞ്ഞു. 'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോള്‍ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം', മമ്മൂട്ടി കുറിച്ചു.
ഇന്നലെ രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം സ്ഥിരീകരിച്ചത്. 56 വയസായിരുന്നു. സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വെച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാര്‍ ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു.
മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാര്‍ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ല്‍ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സലിംകുമാര്‍ അര്‍ഹനായി.
2011ല്‍ ആദാമിന്റെ മകന് അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതന് ഉള്‍പ്പെടെ മൂന്ന് സിനിമകളില്‍ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് സലിം കുമാറായിരുന്നു.
Content Highlights: Mammootty has expressed deep condolences on the demise of Salim Kumar. He remembered Salim Kumar’s versatility and contribution to Malayalam cinema