തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച 'പാഴ്വസ്തുക്കളില് നിന്നും മാതൃകാ പൂന്തോട്ടം' പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച പുനരുപയോഗയോഗ്യമായ പോളി എത്തിലീൻ നിർമ്മിത ബാനറുകളും ബോർഡുകളും റീസൈക്ലിംഗ് ചെയ്ത് പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന വേറിട്ട പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പുനരുപയോഗയോഗ്യമായ പോളി എത്തിലീൻ നിർമ്മിത ബാനറുകളും ബോർഡുകളും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ശേഖരിക്കുകയും, റീസൈക്ലിംഗ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ അവയിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷ് അധ്യക്ഷത വഹിച്ചു.
ഇങ്ങനെ ശേഖരിച്ച പുനരുപയോഗയോഗ്യമായ പോളി എത്തിലീൻ നിർമ്മിത ബാനറുകളിലും ബോർഡുകളിലും നിന്ന് നിർമ്മിച്ച ചെടിച്ചട്ടികൾ (ഗ്രോ ബാഗുകൾ) ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് മാതൃകാ പൂന്തോട്ടം സജ്ജമാക്കിയിട്ടുള്ളത്. മാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റുന്ന 'സർക്കുലർ എക്കോണമി'യുടെ മികച്ച ഒരു പ്രായോഗിക മാതൃകയാണ് ഈ സംരംഭം. അമ്മ നമ്മളെ പരിചരിക്കുന്നത് പോലെ ദൈവം നമ്മൾക്കായി കരുതിയതാണ് ഈ ഭൂമിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ എം ഷാജി പറഞ്ഞു. 'എല്ലാം മായമാണെന്ന് പറയാറുണ്ട്. പക്ഷെ, നമ്മുടെ അമ്മയെപ്പോലെ മായമില്ലാത്ത ഭൂമിയാണ് നമുക്ക് വേണ്ട'തെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫ്ലെക്സ് അടിക്കാതെ സൈക്കിളിൽ യാത്ര ചെയ്ത് വോട്ടു തേടിയത് വഴി നല്ലൊരു സന്ദേശം നൽകിയ ചാണ്ടി ഉമ്മനാണ് ഈ തിരഞ്ഞെടുപ്പ് കാലത്തെ ഹീറോയെന്നും കെ എം ഷാജി ചൂണ്ടിക്കാണിച്ചു. 'വാഴ' എന്ന സിനിമയിലെ "തമ്മിൽ പിണങ്ങി പോകല്ലേ…" എന്ന ഗാനം ആലപിച്ച് ദിവ്യ എസ്. അയ്യർ ഐഎഎസ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. പ്രചാരണ ബോർഡുകളിലും (ഫ്ലക്സ് ബോർഡുകൾ) മറ്റും സാധാരണയായി ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മാലിന്യവൽക്കരണത്തിനും കാരണമാകുന്നതുമായ പോളിവിനൈൽ ക്ലോറൈഡ് (PVC) ഷീറ്റുകൾക്ക് പകരം പോളി എത്തിലീൻ ഷീറ്റുകൾ പ്രിൻ്റിങ്ങിനായി ഉപയോഗിക്കണമെന്ന നിർദ്ദേശം ഇത്തവണ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നു. പുനരുപയോഗസാധ്യമല്ലാത്തതും നിർമ്മാണം മുതൽ നശീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വിഷലിപ്തമായ രാസവസ്തുക്കൾ പുറന്തള്ളുന്നതുമായ പിവിസിയുടെ ഉപയോഗം ഇത്തരം ഹ്രസ്വകാല ആവശ്യങ്ങളിൽ പരമാവധി കുറയ്ക്കുക എന്ന സന്ദേശമാണ് പ്രധാനമായും ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനമൊട്ടാകെ 1500-ലധികം പ്രിൻ്റിങ്ങ് യൂണിറ്റുകൾ വഴി പ്രതിവർഷം 17 കോടിയിലധികം പിവിസി നിർമ്മിത ഫ്ലക്സ് മെറ്റീരിയലുകൾ പ്രചാരണ ബോർഡുകളായി പുറത്തിറങ്ങുകയും മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
മേയർ വി വി രാജേഷ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രൊജക്റ്റ് (KSWMP) ഡയറക്ടർ ദിവ്യ എസ് അയ്യർ ഐഎഎസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് ഐഎഎസ് എന്നിവർ കുട്ടികൾക്കൊപ്പം പൂന്തോട്ടം സന്ദർശിച്ചു. വാർഡ് കൗൺസിലർ ആർ മിനി, സ്കൂൾ പ്രിൻസിപ്പൽ എം. സജി, പിടിഎ പ്രസിഡൻ്റ് ഇക്ബാൽ മുബാറക്ക് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മണക്കാട് ഗേൾസ് എച്ച്എസ്എസ് ഹെഡ് മാസ്റ്റർ ജോസ് പി ജെ നന്ദി രേഖപ്പെടുത്തി. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐഎഎസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
Content Highlights: Minister KM Shaji inaugurated a unique model garden constructed entirely from recycled election campaign boards. An innovative eco-friendly initiative promoting sustainability and creative waste management in Kerala.