തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ ചിത്രം വെച്ച് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചെന്നായിരുന്നു പോസ്റ്റ്. ഇതിനൊപ്പം മന്ത്രിയുടെ ചിത്രം നല്‍കുകയായിരുന്നു. സംഭവത്തില്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്.
പോസ്റ്റ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മന്ത്രിയുടെ ഖ്യാതിക്ക് ഭംഗം വരുത്തുന്ന പോസ്റ്റ് എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മന്ത്രിയായി അധികാരമേറിയതിന് തൊട്ടു പിന്നാലെയായിരുന്നു കെ എം ഷാജിയുടെ ചിത്രംവെച്ച് വ്യാജ പ്രചാരണം നടന്നത്. കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചുവെന്നും 2022-26 കാലയളവില്‍ വീടുകള്‍ക്ക് പെര്‍മിറ്റ് എടുത്തവരെല്ലാം ഈ മാസം 26 മുതല്‍ പഞ്ചായത്തുകളില്‍ അപേക്ഷിച്ചാല്‍ അടച്ച മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നുമായിരുന്നു കെ എം ഷാജിയുടെ ചിത്രംവെച്ചുള്ള പ്രചാരണം. മെയ് മാസത്തിലാണ് ഈ പ്രചാരണം നടന്നത്. ഇതിന് പിന്നാലെ കെ എം ഷാജിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
Content Highlights- Police have registered a case following the circulation of a fake campaign that allegedly used the photograph of Minister K M Shaji.