പയ്യന്നൂര്‍: ജ്യോതിഷാലയത്തില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്ന ജ്യോത്സ്യന് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശ്രീനാഥ് പി (40) ആണ് പിടിയിലായത്. ജ്യോതിഷാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് താഴെയുള്ള മുറിയിലെ ചുമര് അലമാരയില്‍ കവറിലാക്കി സൂക്ഷിച്ച നിലയില്‍ 5.77 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പിടികൂടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ പിടിച്ചെടുത്തത് കഞ്ചാവാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമം പ്രകാരം കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. ഓപ്പറേഷന് തൂഫാന് വഴിയായിരുന്നു നടപടി.
അതേസമയം ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 368 പേര് അറസ്റ്റിലായി. മയക്കുമരുന്നുകള്‍ കൈവശം വെച്ചതിന് 340 കേസുകളും രജിസ്റ്റര്‍ ചെയ്തു. 0.549 കി. ഗ്രാം എംഡിഎംഎ, 16.7931 കി. ഗ്രാം കഞ്ചാവും 0.461 കി. ഗ്രാം ഹാഷിഷ് ഓയിലും 220 കഞ്ചാവ് ബീഡികളും അടക്കം പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളിലെ രാസലഹരി നിര്‍മ്മാണ ലാബുകളിലും പരിശോധന നടത്തും.അഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഓപ്പറേഷന് തൂഫാന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ലഹരിവേട്ടയ്ക്കായി ഇ ഡി, ഡിആര്‍ഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു. ലഹരി വിപണന വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കുന്നുണ്ട്. ജൂണ്‍ രണ്ടിനായിരുന്നു'ഓപ്പറേഷന് തൂഫാന്, ദി നാര്‍ക്കോ ഹണ്ട്' ആരംഭിച്ചത്.
അതിനിടെ ഇടുക്കി അടിമാലിയിലെ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് മിഠായികള്‍ എത്തിച്ചുവെന്ന വിവരവും പുറത്തുവന്നു. അടിമാലി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവ് മിഠായികള്‍ കണ്ടെടുത്തു. ഡെലിവറി ചെയ്യാനായി നല്‍കിയിരുന്നത് തെറ്റായ മേല്‍വിലാസമാണ്. കഞ്ചാവ് മിഠായി അയച്ച ആളെയും സ്വീകരിക്കേണ്ട ആളെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights- An astrologer in Payyannur was arrested after police allegedly discovered narcotics hidden inside an astrology centre