കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പരാജയ കാരണങ്ങള്‍ എല്‍ഡിഎഫ് പരിശോധിക്കുമെന്നും അതിശക്തമായി മുന്നണി തിരിച്ചു വരുമെന്നും പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം എല്‍ഡിഎഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണെന്നും കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമര്ശവുമില്ലായെന്നും പിണറായി വിജയൻ പറഞ്ഞു.
2021 മുതല്‍ ചില പ്രതീതികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇടതുപക്ഷം അധികാരത്തിലെത്തിയത് ആഗോളതലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു. തുടർഭരണം വലതുപക്ഷത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. 2021 മുതൽ തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ സർക്കാരുകൾ ഇടക്കിടയ്ക്ക് മാറണമെന്ന ചിന്ത ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായി എൽഡിഎഫ് തിരിച്ച് വരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫ് ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇ ഡി റെയ്ഡിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രതികരിച്ചു. എൽഡിഎഫിനെ എതിർക്കുന്നതിന്റെ ഭാഗമായി നേതാക്കൾക്കെതിരെ പണ്ടും അക്രമങ്ങൾ ഉണ്ടായിരുന്നു. ഒരു ഘട്ടത്തിലും അത്തരം അക്രമങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പുറകോട്ട് പോയിട്ടില്ലയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. കളങ്ക രഹിതമാണ് എൽഡിഎഫിന്റെ പ്രവർത്തനം. ഏത് കടന്നാക്രമങ്ങളെയും ഒരുമിച്ച് നേരിടണം. കടുത്ത നടപടികളുമായാണ് കേന്ദ്രം മുന്നോട്ട് വന്നത് ആ ഘട്ടത്തിൽ പാർട്ടിയും മുന്നണിയും നല്ല പിന്തുണ നൽകി. അതിനു എല്ലാവരോടും നന്ദിയെന്നും പിണറായി വിജയന് പറഞ്ഞു.
Content Highlight : 'Failure Is Not the End of Everything'; LDF Will Analyse Defeat and Make a Strong Comeback, Says Pinarayi Vijayan