കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കൽ, മദ്രസകളിലെ വന്ദേമാതരാലാപനം വിഷയങ്ങളില്‍ ആശങ്കകള്‍ അറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ഇതുസംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് കത്തുകളയച്ചു.
ന്യൂനപക്ഷങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആശങ്കയുണ്ടെന്നും ന്യൂനപക്ഷ ക്ഷേമം സന്തുലിതമാക്കണമെന്നുമാണ് കത്തിലെ ആവശ്യം. അസമിലെ ഏകീകൃത സിവില്‍ കോഡ് വിഷയങ്ങളില്‍ ഭരണഘടനാ നീതി, സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കണം.
പശ്ചിമ ബംഗാള്‍ മദ്രസകളില്‍ 'വന്ദേമാതരം' ചൊല്ലാനുള്ള ഉത്തരവ്, കന്നുകാലി കശാപ്പ് നിയന്ത്രണങ്ങള്‍ എന്നിവയിലുടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്നു. മതവിശ്വാസവുമായി വൈരുദ്ധ്യമുള്ള ഭാഗങ്ങളുള്ള വന്ദേമാതരം നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിനും അന്തസ്സിനും യോജിക്കുന്നതല്ലെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലെ എല്ലാ സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സ്കൂള്‍ അസംബ്ലികളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.
എല്ലാ വിദ്യാര്‍ത്ഥികളും ദേശീയ ഗാനാലാപനത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉത്തരവില്‍ പറഞ്ഞിരുന്നു. കൂടാതെ സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: Kanthapuram AP Aboobacker Musliyar expressed concerns over the implementation of the Uniform Civil Code and the Vande Mataram issue in madrassas