കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ സമൂഹത്തിനും വിചാരണക്കോടതിക്കുമെതിരെ കടുത്ത നിരീക്ഷണങ്ങളുമായി ഹൈക്കോടതി. കേരളത്തിലെ ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതക കേസില്‍, ഒരു ആദിവാസി യുവാവിനെ വേട്ടയാടി പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതിയില്‍ സത്യം തെളിയിക്കപ്പെടാതെ പോയത് തെളിവില്ലാത്തതുകൊണ്ടല്ല, മറിച്ച് വലിയൊരു വിഭാഗം സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി സത്യത്തിന് നേരെ കണ്ണടച്ചതുകൊണ്ടാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
'മധുവിന് മനുഷ്യന്റെ അന്തസ് ഇല്ലെന്ന് പ്രതികള്‍ കരുതി. ആക്രമണത്തിന് സാക്ഷിയായ വലിയൊരു വിഭാഗം സത്യത്തിന് നേരെ കൂട്ടത്തോടെ കണ്ണടച്ചു. സാക്ഷികള്‍ മറുഭാഗത്തേക്ക് മാത്രം നോക്കാന്‍ തീരുമാനിച്ചു. ഭരണഘടനാ തത്വം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഭരണഘടനാ സംരക്ഷണം ലഭിക്കേണ്ട മധുവിന് ഒരു സംരക്ഷണവും ലഭിച്ചില്ല. ഭരണഘടനാ ആശയങ്ങളും ദളിത് ജനതയുടെ ജീവിത സാഹചര്യവും തമ്മില്‍ അന്തരമുണ്ട്', എന്നിവയാണ് കോടതിയുടെ നിരീക്ഷണം.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്, താഴുശ്ശേരി രാധാകൃഷ്ണന്, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന് വാദിക്കുകയായിരുന്നു. ഹുസൈന് ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.
2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.
Content Highlights: Kerala High Court Criticises Society and Trial Court in Attappadi Madhu Case