'സുധീര്‍ ഷാ പാലോടിൻ്റെ സ്ഥാനാർത്ഥിത്വം എസ്ഡിപിഐയുടെ ആവശ്യപ്രകാരം'; കോൺഗ്രസ് വിടുന്നുവെന്ന് എന്‍ എസ് നുസൂര്‍

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നും മറ്റ് പാര്‍ട്ടികളുമായി സഹകരിച്ച് പോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും നുസൂര്‍ വ്യക്തമാക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു. ഇത്രയേറെ ജീര്‍ണ്ണിച്ച രീതിയില്‍ കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ലെന്ന് എന്‍ എസ് നുസൂര്‍ പറഞ്ഞു. ഗതികെട്ട കാലഘട്ടം ഇതുപോലെ കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ലെന്നും വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും എന്‍ എസ് നുസൂര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് താന്‍ പാര്‍ട്ടി വിടുകയാണെന്ന് നുസൂര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നും മറ്റ് പാര്‍ട്ടികളുമായി സഹകരിച്ച് പോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും നുസൂര്‍ വ്യക്തമാക്കി.

'തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ട ആളാണ് ഞാനും. സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ല എന്ന് കരുതി ലോകം ഇടിഞ്ഞുവീഴും എന്ന് കരുതുന്ന ആളല്ല. അങ്ങനെ മാറ്റിവയ്ക്കാന്‍ ഉളളതല്ല 26 വര്‍ഷത്തെ എന്റെ രാഷ്ട്രീയ ജീവിതം. സുധീര്‍ ഷാ പാലോടിന്റെ സ്ഥാനാര്‍ത്ഥിത്വം എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ്. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുകൊടുത്തു. തിരുവനന്തപുരത്ത് യുഡിഎഫ് ബിജെപി ഡീല്‍ നടന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണം, പകരം അരുവിക്കരയും തിരുവനന്തപുരവും കോണ്‍ഗ്രസിനെ ജയിപ്പിക്കും. പിന്നീട് അത് വട്ടിയൂര്‍ക്കാവും അരുവിക്കരയുമായി. അരുവിക്കരയില്‍ ശബരീനാഥനായിരുന്നു സര്‍വേ റിപ്പോര്‍ട്ടില്‍ മുന്നില്‍ നിന്നത്. അതുവെച്ച് ശബരിയോട് വര്‍ക്ക് തുടങ്ങാന്‍ പറഞ്ഞു. ദേശീയ തലത്തിലുളള ആളുടെ നിര്‍ദേശപ്രകാരമാണ് അരുവിക്കര ശിവകുമാറിന് നല്‍കിയത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേസമയം കയ്യില്‍വെച്ച് അമ്മാനമാടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. നെടുമങ്ങാട് മീനാങ്കല്‍ കുമാറിന് വേണ്ടി രംഗത്തിറങ്ങിയത് അടൂര്‍ പ്രകാശാണ്. ഒരുവക മിണ്ടാന്‍ ആരും തയ്യാറായില്ല': എം എസ് നുസൂർ പറഞ്ഞു.

ജി സുധാകരന്‍ മറ്റൊരു പി സി ജോര്‍ജ്ജാണെന്നും നുസൂര്‍ പറഞ്ഞു. വാ പോയ കോടാലിയാണ് അദ്ദേഹമെന്നും അമ്പലപ്പുഴയില്‍ എന്തുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെന്നും നുസൂര്‍ ചോദിച്ചു. ഒറ്റപ്പാലത്ത് പി കെ ശശിയ്ക്ക് മത്സരിക്കാമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എന്തുകൊണ്ട് പാലക്കാട് മത്സരിച്ചുകൂടായെന്നും നുസൂര്‍ ചോദിച്ചു. 'മുന്‍ മുഖ്യമന്ത്രിയുടെ പിഎയ്ക്ക് സീറ്റ് കൊടുക്കുന്ന തരത്തില്‍ അധഃപതിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. അലോഷ്യസ് സേവ്യറിനെ തഴഞ്ഞു. എല്ലാം ഉളളവര്‍ക്ക് തന്നെ എല്ലാ പോസ്റ്റുകളും നല്‍കും. ജെബി മേത്തറിനെ രാജ്യസഭാ എംപിയും ആക്കി, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമാക്കി. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡന്റുമാക്കി എംഎല്‍എയുമാക്കി. ഇതുപോലെ തന്നെയാണ് എ പി അനില്‍കുമാറും ഷാഫി പറമ്പിലും എല്ലാം. ഇതിനെല്ലാം കാരണക്കാരന്‍ കെ സി വേണുഗോപാലാണ്. കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനായി മാറും. രാഹുല്‍ ഗാന്ധിക്ക് ഇതേക്കുറിച്ചൊന്നും അറിവില്ല. എന്റെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇപ്പോള്‍ കെപിസിസി ഓഫീസില്‍ തയ്യാറാവുകയായിരിക്കും': എന്‍ എസ് നുസൂര്‍ പറഞ്ഞു.

താന്‍ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറഞ്ഞതെന്നും ഭാര്യ അമ്പലത്തില്‍ പോകുന്നതാണോ ഇവരുടെ പ്രശ്‌നമെന്നും നുസൂര്‍ ചോദിച്ചു. 'യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലാണ്. ബാബറി മസ്ജിദ് പൊളിച്ചത് മുതല്‍ ഇന്നുവരെ വര്‍ഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസാണ്. കേരളത്തിലും കോണ്‍ഗ്രസ് വര്‍ഗീയത ആളിക്കത്തിച്ചു. ഇനി കോണ്‍ഗ്രസിന്റെ വിഴുപ്പ് ഭാണ്ഡം ചുമന്നുനടക്കാന്‍ എനിക്ക് കഴിയില്ല. പാര്‍ട്ടി വിടുകയാണ്. വര്‍ഗീയത ഇല്ലാത്ത പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകും. തമ്പ്രാ എന്ന് വിളിച്ച് നില്‍ക്കാതിരിക്കാന്‍ ചങ്കൂറ്റമുളള ആരെങ്കിലും ഉണ്ടാകുന്ന കാലത്ത് പാര്‍ട്ടി രക്ഷപ്പെടും. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല. രണ്ടാഴ്ച്ച വരെ യുഡിഎഫ് അധികാരത്തില്‍ വരാനുളള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇനി 60 സീറ്റില്‍ കൂടുതല്‍ കിട്ടില്ല. മറ്റ് പാര്‍ട്ടികളുമായി സഹകരിച്ചുപോലുന്നത് കൂടിയാലോചിച്ച ശേഷം തീരുമാനിക്കും': നുസൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Youth Congress leader NS Nusoor quit congress party in protest over not getting seat

To advertise here,contact us