ആലപ്പുഴ: കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഇനിയും അടി തീരാത്ത മണ്ഡലങ്ങളിലെ എല്ലാ പ്രധാന നേതാക്കളും സ്വന്തം പോസ്റ്റര്‍ തയ്യാറാക്കി റെഡിയായി ഇരിക്കാനാണ് കോണ്‍ഗ്രസ് നിര്‍ദേശമെന്നും സ്ഥാനാര്‍ത്ഥി ലിസ്റ്റ് അല്പം താമസിച്ചാലും പോസ്റ്റര്‍ താമസിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു. വിസ്മയം തുടരുന്നുവെന്നും എം ശിവപ്രസാദ് പരിഗസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ശിവപ്രസാദിന്റെ പരിഹാസം.
കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തിറക്കുമെന്നായിരുന്നു വിവരം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. എട്ട് മണിയോടെ യോഗം പിരിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായില്ല. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വീണ്ടും യോഗം ചേരുകയാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. ഈ നിലപാടുമായി മുന്നോട്ടുപോയാല്‍ കെ സുധാകരന് അടക്കം ഇടയും. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നേരത്തേ സുധാകരനോട് കാത്തിരിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇന്ന് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടാല്‍ കണ്ണൂര്‍ ഒഴിച്ചിടുമെന്ന വിവരവും പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന് അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന് രമേഷ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് നെന്മാറയില് നിന്നാണ് ജനവിധി തേടുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.
Content Highlights- M Shivaprasad has criticized the Congress party for delaying the release of its second candidate list