പ്രതിസന്ധികളിലും തളരാതെ കേരള ടൂറിസം; വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളിൽ വൻ വർധനവ്

കേരളം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് മുന്നേറുക തന്നെയാണ്

ആഗോള തലത്തിൽ വിനോദ സഞ്ചാരമേഖല അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. കൊവിഡ് മഹാമാരി ഇടക്കാലത്ത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെങ്കിലും, അതെല്ലാം മറികടന്ന് ടൂറിസം മേഖല കുതിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കേരളവും അതെ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് മുന്നേറുക തന്നെയാണ്.

2025ൽ കേരളം സന്ദർശിച്ചത് 8,21,999 വിദേശ ടൂറിസ്റ്റുകളാണെന്നാണ് ഔദ്യോഗിക കണക്ക്. 2024ൽ ഇത് 7,38,374 ആയിരുന്നു. അതായത്, 11.33 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. കേരളത്തിന്‍റെ ടൂറിസം മേഖല വലിയ തോതില്‍ മുന്നോട്ട് കുതിക്കുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വളർച്ച രേഖപ്പെടുത്തുമ്പോഴും ഒരു ലക്ഷ്യം കൂടി കേരളത്തിന് മറികടക്കേണ്ടതുണ്ട്. കൊവിഡിന് മുൻപുണ്ടായിരുന്ന കണക്കുകളിലേക്ക് എത്തുക എന്നതാണത്. 2025ൽ കേരളം സന്ദർശിച്ച വിദേശ ടൂറിസ്റ്റുകളുടെ കണക്ക് പരിശോധിക്കുമ്പോൾ, 2019നെ അപേക്ഷിച്ച്‌ 30.91% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്തുകൊണ്ട് സന്ദർശകരിൽ പൊടുന്നനെയുള്ള ഒരു വളർച്ചയുണ്ടാകുന്നില്ല? എന്തുകൊണ്ട് വളർച്ചയ്ക്ക് വേഗത കുറയുന്നു എന്ന ചോദ്യങ്ങളാണ് ഇവിടെ ഉയരുക. അതിന്റെ കാരണങ്ങൾ ഇവയെല്ലാമാണ്. രാജ്യത്തും കേരളത്തും കൊവിഡ് മഹാമാരി വിതച്ച ആഘാതം ചെറുതൊന്നുമല്ല. ഇതിനോടൊപ്പം ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ - യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ-പലസ്റ്റീൻ സംഘർഷം, മിഡിൽ ഈസ്റ്റിലെ അശാന്തി, ഉയരുന്ന അന്താരാഷ്ട്ര വിമാനനിരക്ക് തുടങ്ങി വിവിധങ്ങളായ കാരണങ്ങൾ ടൂറിസം മേഖലയുടെ വളർച്ചക്ക് വെല്ലുവിളിയായി തുടരുകയാണ്. എന്നാൽ ഇങ്ങനെ വെല്ലുവിളികൾ നിറഞ്ഞ പ്രതലത്തിലും കേരളം വിജയക്കൊടി പാറിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

അതേസമയം, കേരളത്തിൽ പ്രാദേശിക തലത്തിലെ വിനോദ സഞ്ചാര മേഖല ഏറെ നേട്ടമുണ്ടാക്കി എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. 2025ൽ 2,50,58,366 പ്രാദേശിക വിനോദ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. 2024നെ അപേക്ഷിച്ച്‌ 12.64 ശതമാനവും, 2019നെ അപേക്ഷിച്ച്‌ 36.3 ശതമാനവും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ എത്തിയ പ്രാദേശിക വിനോദ സഞ്ചാരികളുടെ കണക്ക് പരിശോധിക്കുകയാണെങ്കിൽ 2025ൽ രേഖപ്പെടുത്തിയിരിക്കുന്നത് എക്കാലത്തെയും ഉയർന്ന സംഖ്യയാണ്.

കേരളത്തിലെ വിനോദസഞ്ചാര മേഖല കൊവിഡ് വിതച്ച പ്രതിസന്ധിയെ മറികടക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സഞ്ചാരികളിൽ ഭൂരിഭാഗവും രാജ്യത്തിനുള്ളിൽ തന്നെ വിനോദ സഞ്ചാരം നടത്താൻ താത്പര്യപ്പെടുന്നു എന്ന വസ്തുത കൂടി ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മികച്ച റോഡ് സംവിധാനം, വിമാന സർവീസുകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങൾ, പ്രാദേശിക ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള ക്യാംപെയ്നുകൾ തുടങ്ങി വിവിധങ്ങളായ കാരണങ്ങളാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ പ്രാദേശിക വിനോദ സഞ്ചാരം വർധിക്കാൻ കാരണമായിരിക്കുന്നത്.

Content Highlights: Kerala Tourism: Kerala recorded excellent footfall of both foreign and local tourists in 2025

To advertise here,contact us