കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; 2 കോടിയിലധികം വിലവരുന്ന സ്വര്‍ണാഭരണവും വജ്രവും മോഷണം പോയെന്ന് പരാതി

കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രത്നക്കല്ലുകളടക്കമാണ് നഷ്ടമായത്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ അടക്കമുള്ള വസ്തുക്കളാണ് മോഷണം പോയത്. സംഭവത്തില്‍ ഗൗരി ലക്ഷ്മി ഭായ് പൊലീസിൽ പരാതി നൽകി. ഗൗരി ലക്ഷ്മി ഭായ്‌യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.

കഴിഞ്ഞ വർഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കൾ കണ്ടെത്താനായില്ലെന്നാണ് വിവരം. പിന്നാലെയാണ് പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്.

ഓറഞ്ച് പവിഴവും മുത്തും കലർന്ന ചെയിൻ, പിച്ചിപ്പൂമൊട്ട് പാദസരം, വീതിയുള്ള ഇല ഡിസൈനിൽ രണ്ട് വളകൾ, പതക്കം, മാട്ടി, കുതിരപ്പവൻ നാണയങ്ങൾ, വീതി കുറഞ്ഞ രണ്ട് സ്വർണപിരിവള, ചുവപ്പ് കല്ല് പതിച്ച രണ്ട് കമ്മൽ, സ്വർണ കുഴിമിന്നുമാല, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള വള, പത്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കമുള്ള നേർത്ത ചെയിൻ എന്നിങ്ങനെ ആകെ രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടമായത്. 2025 ഒക്ടോബറിലോ നവംബറിലോ ആണ് മോഷണം നടന്നത്. കൊട്ടരത്തിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാവ് പരാതിക്കാരിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

Content Highlights: Massive robbery at Kowdiar Palace Thiruvananthapuram, gold worth Rs two crore stolen

To advertise here,contact us