'വട്ടിയൂർക്കാവ് എന്റെ കുടുംബം, ആ മണ്ണ് ചതിക്കില്ല എന്നാണെന്റെ വിശ്വാസം'; കെ മുരളീധരൻ

തന്റെ ഭാവി തീരുമാനിക്കേണ്ടത് മണ്ഡലത്തിലെ ജനങ്ങളാണ് എന്ന് മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് തന്റെ കുടുംബമാണെന്നും ആ മണ്ണ് ചതിക്കില്ല എന്നാണ് വിശ്വാസമെന്നും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. വടകര എം പി ആയിരുന്നപ്പോൾ പോലും വട്ടിയൂർക്കാവിൽ വന്നിരുന്ന ആളാണ് താൻ എന്നും തന്റെ ഭാവി തീരുമാനിക്കേണ്ടത് മണ്ഡലത്തിലെ ജനങ്ങളാണ് എന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ യുഡിഎഫിന് വേണ്ടി കെ മുരളീധരൻ മത്സരിക്കും എന്നുറപ്പായതിന് പിന്നാലെയാണ് പ്രതികരണം.

കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കൊണ്ടായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം എന്നും മുരളീധരൻ വ്യക്തമാക്കി. വലിപ്പച്ചെറുപ്പം ഞങ്ങൾ നോക്കാറില്ല. പാർട്ടിയും മുന്നണികളുമായുള്ള ബന്ധത്തിനാണ് മുൻഗണന. തുടക്കത്തിൽ എല്ലാവർക്കും പ്രശ്നങ്ങളുണ്ടാകുമെന്നും എന്നാൽ അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരന്റെ വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. സുധാകരൻ പാർട്ടിയുടെ അസറ്റ് ആണെന്നും ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കുന്ന ആളാണ് സുധാകരൻ എന്നും മുരളീധരൻ പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം കോൺഗ്രസ് നേതാക്കളെ കാണുന്നുണ്ട്. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് അദ്ദേഹം പുറത്തുപോകില്ല എന്നും മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു.

ശബരിമല യുവതീപ്രവേശന നിലപാട് സർക്കാർ തിരുത്തിയതിലും മുരളീധരൻ പ്രതികരിച്ചു. ഭക്തജനങ്ങളുടെ മുന്നിൽ സർക്കാർ മുട്ടുകുത്തിയിരിക്കുകയാണ്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിക്ക് തിരിച്ചടിയുണ്ടായി. കൂടുതൽ തിരിച്ചടി ഭയന്നതുകൊണ്ടാണ് സർക്കാർ യൂട്ടേൺ അടിച്ചതെന്നും മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ നവോത്ഥാന മതിലും അയ്യപ്പ സംഗമവും ഏറ്റില്ല. ഞങ്ങൾ എടുത്ത സ്റ്റാൻഡിലേക്ക് സർക്കാരും എത്തിയിരിക്കുകയാണ്. ജനഹിതം മനസ്സിലാക്കിയിട്ടാണ് സർക്കാർ യൂടേൺ അടിച്ചത് എന്നും സർക്കാരിന്റെ ഇരട്ടത്താപ്പ് കോൺഗ്രസ് തുറന്നു കാണിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

Content Highlights: UDF candidate K Muraleedharan said that Vattiyoorkkavu is like his own family and expressed confidence that the people of the constituency will stand by him. He noted that even while serving as the Vadakara MP, he frequently visited Vattiyoorkkavu and maintained close ties with the region

To advertise here,contact us