ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ എച്ച് സലാം എംഎൽഎ. ജി സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ അതിന് പിന്നിൽ രാഷ്ട്രീയമായ കാരണങ്ങളൊന്നും തന്നെ ഇല്ലെന്നും രാഷ്ട്രീയമായ ഒരു കാരണവുമില്ലാത്ത മത്സരമാണിത് എന്നതായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നമെന്നും എച്ച് സലാം പറഞ്ഞു.
രാഷ്ട്രീയ നെറികേടിനോട് ഒരിക്കലും സന്ധിചെയ്യുന്ന മണ്ണല്ല ഇത്. വി എസ് അച്യുതാനന്ദന് കിട്ടയതിനേക്കാൾ അവസരം പാർലമെന്ററി രംഗത്ത് കിട്ടിയ ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന് അവസരങ്ങൾ പാർട്ടി നൽകാതിരുന്നിട്ടില്ല. അദ്ദേഹം ആ ചുമതലകളെല്ലാം വൃത്തിയായി ചെയ്തിട്ടുണ്ട് എന്നതിൽ തർക്കമില്ലെന്നും എച്ച് സലാം പറഞ്ഞു.
അമ്പലപ്പുഴയിൽ വ്യക്തികളെ കേന്ദ്രീകരിച്ചല്ല പാർട്ടി നിൽക്കുന്നത്. ജി സുധാകരൻ പാർട്ടിക്ക് അകത്തു നിൽക്കുമ്പോൾ അനുഭാവമുള്ള നിരവധി സഖാക്കളുണ്ട്. പാർട്ടിയെ കണ്ട് നിൽക്കുന്നവരാണ് മഹാഭൂരിപക്ഷം ആളുകളും. എന്നാൽ പാർട്ടിക്ക് എതിരായി നിലപാട് സ്വീകരിച്ച് പോയാൽ അദ്ദേഹത്തിനൊപ്പം പത്തോ പതിനഞ്ചോ പാർട്ടി മെമ്പർമാർപോലും കൂടെ പോകില്ല. ജി സുധാകരന് പറയാൻ രാഷ്ട്രീയ കാരണങ്ങളില്ല, ആകെ അദ്ദേഹത്തിന് പറയാനുള്ളത് ഏഴ് തവണ മത്സരിച്ചു എട്ടാം തവണ മത്സരിപ്പിച്ചില്ല എന്നതാണെന്നും എച്ച് സലാം പറഞ്ഞു.
തനിക്കെതിരായ എസ്ഡിപിഐ ബന്ധം ആരോപിക്കൽ വളരെ പ്രയാസം തോന്നിയ കാര്യമാണെന്നും അത് ഏത് കേന്ദ്രത്തിൽനിന്നാണ് ഉണ്ടായതെന്ന് അറിയാമെന്നും എച്ച് സലാം പറഞ്ഞു. തനിക്കെതിരെ തെരെഞ്ഞെടുപ്പ് കാലത്ത് പോസ്റ്ററുകൾ ഒട്ടിപ്പിച്ചത് ആരാണെന്ന് അറിയാം. പോസ്റ്റർ ഒട്ടിച്ചവർ പിന്നീട് തന്നെ വന്ന് കണ്ടിരുന്നു. അതിന് പിന്നിൽ ആരാണെന്ന് നിലവിലെ സാഹചര്യത്തിൽ പറയുന്നില്ല. നല്ല ബുദ്ധിയുള്ള തലയിൽനിന്നാണ് അത് വന്നതെന്നും എച്ച് സലാം പറഞ്ഞു. നിലവാരമില്ലാത്ത പല പ്രവർത്തികളും തനിക്കെതിരെ ഉണ്ടായി. എല്ലാത്തിന്റെയും തെളിവുകൾ കയ്യിലുണ്ട്. ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ വരികയാണല്ലോ, തെളിവുകൾ പുറത്തുവിട്ടാൽ തെരെഞ്ഞെടുപ്പിൽ പകുതി ദൂരം താൻ മുന്നിലാകും. മര്യാദ കൊണ്ട് മാത്രം തെളിവുകൾ പുറത്തുവിടുന്നില്ലെന്നും എച്ച് സലാം പറഞ്ഞു.
ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തയാറാക്കിയ നാടകമാണെന്ന് എച്ച് സലാം വിമർശിച്ചിരുന്നു. എല്ലാം പ്ലാനിങാണെന്നും നാടകത്തിന് രണ്ട് രംഗങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുധാകരനുമായി വ്യക്തിപരമായ വിരോധമില്ല. വീണ് പരിക്ക് പറ്റിയപ്പോള്‍ ഒരു മണിക്കൂറിനകം ആശുപത്രിയില്‍ എത്തി. അദ്ദേഹം കൂടി അധ്വാനിച്ചുണ്ടാക്കിയ പാര്‍ട്ടി തന്നെയാണിത്. രക്തസാക്ഷിയായ സഹോദരന് ഭുവേശ്വരനെയെങ്കിലും സുധാകരന് ഓര്‍ക്കണമായിരുന്നുവെന്നും എച്ച് സലാം പറഞ്ഞിരുന്നു.
Content Highlights: h salam mla reacts against g sudhakaran