തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലിയുള്ള വിവാദത്തിൽ തിരുവനന്തപുരം മേയർ വി വി രാജേഷിനെതിരെ എഎ റഹീം എംപി. പൊങ്കാല മാലിന്യം രാത്രിയിൽ ഒളിച്ചുകടത്തി നഗരമധ്യത്തിൽ തള്ളിയെന്ന് റഹീം ആരോപിച്ചു.
വേർതിരിക്കാതെ ടൺകണക്കിന് മാലിന്യമാണ് തള്ളിയതെന്നും ഭക്തജനങ്ങളോട് അനാദരവ് കാണിച്ചുവെന്നും എഎ റഹീം കുറ്റപ്പെടുത്തി.
മാലിന്യം നിക്ഷേപിച്ചത് അപകടകരമായ നിലയിലാണ്. ആറ്റുകാൽ പൊങ്കാല ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരുവനന്തപുരം മേയർ വി വി രാജേഷും കൂട്ടരും ഡൽഹിക്ക് ടൂർ പോയെന്നും എഎ റഹീം വിമർശിച്ചു. അധികാരത്തിന്റെ ആലസ്യമാണ് ഭരണസമിതിക്കെന്നും ജനവാസ മേഖലയിൽ നിന്ന് അടിയന്തരമായി മാലിന്യം നീക്കം ചെയ്യണമെന്നും എം പി ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരായ നടപടി വീഴ്ച മറയ്ക്കാനാണെന്നും ജീവനക്കാർ എന്ത് കുറ്റം ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
മാലിന്യ സംസ്കരണത്തിനുള്ള പദ്ധതി എന്തായിരുന്നുവെന്ന് മേയർ വ്യക്തമാക്കണം. കുറ്റം പാവപ്പെട്ട ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കുന്നു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും പ്രതികരിക്കാനും മേയർക്ക് അറിയില്ലായെന്നും റഹീം പറഞ്ഞു. പരിഹസിക്കാനുള്ള കസേരയല്ല ക്രിയാത്മകമായി പ്രവർത്തിക്കേണ്ട കസേരയാണ് മേയറുടേതെന്നും എഎ റഹീം വ്യക്തമാക്കി.
നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി.
Content Highlight : CPM leader and MP A A Rahim has criticised Thiruvananthapuram Mayor V V Rajesh over the controversy surrounding waste removal after Attukal Pongala.