തൃശൂർ: ഒരു കാലത്ത് തൃശൂർ ജില്ലയിലെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മണലൂർ. 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജോസഫ് മുണ്ടശ്ശേരിയിലൂടെ കമ്യൂണിസ്റ്റ് പാർട്ടി വിജയിച്ചെങ്കിലും പിന്നീട് 1960 മുതല്‍ 2001 വരെ കോണ്‍ഗ്രസ് പാർട്ടി പ്രതിനിധികള്‍ മാത്രമാണ് മണലൂരില്‍ നിന്നും നിയമസഭയില്‍ എത്തിയിട്ടുള്ളത്. 1980 മുതല്‍ 1991 വരെ വി എം സുധീരനായിരുന്നു പ്രതിനിധി. എന്നാല്‍ 2006 ല്‍ മുരളി പെരുനെല്ലിയിലൂടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലം എല്‍ഡിഎഫ് പാളയത്തിലേക്ക് എത്തി. 2011ല്‍ പി എ മാധവന് മണ്ഡലം കോണ്‍ഗ്രസിന് വേണ്ടി തിരിച്ച് പിടിച്ചെങ്കിലും 2016ലും 2021ലും മുരളി പെരുനല്ലിയാണ് മണലൂരില്‍ നിന്നും വിജയിക്കുന്നത്. 19325, 29876 എന്നിങ്ങനെയായിരുന്നു 2016ലേയും 2021ലേയും മുരളി പെരുനെല്ലിയുടെ ഭൂരിപക്ഷം.
ഗുരുവായൂർ മുൻസിപ്പിലാറ്റിയിലെ 5 മുതൽ 12 വരേയുള്ള ഡിവിഷനുകൾ, അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പിള്ളി, പാവറട്ടി, വെങ്കിടങ്ങ് പഞ്ചായത്തുകൾ ചേരുന്നതാണ് മണലൂർ നിയമസഭാ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ എല്‍ഡിഎഫിന് വലിയ തോതിലുള്ള പരിക്കുകള്‍ മണലൂരില്‍ ഉണ്ടായിട്ടില്ലെന്ന് വേണം വിലയിരുത്താന്‍. ഗുരുവായൂർ നഗരസഭയിലെ 5 വാർഡുകളില്‍ വിജയിച്ച എല്‍ഡിഎഫിന് മുല്ലശ്ശേരി, മണലൂർ, ചൂണ്ടല്‍, കണ്ടാണശ്ശേരി, എളവള്ളി, വാടാനപ്പിള്ളി പഞ്ചായത്തുകളും സ്വന്തമാക്കാന്‍ സാധിച്ചു. ഗുരുവായൂർ നഗരസഭയിലെ 3 വാർഡുകള്‍, അരിമ്പൂർ, വെങ്കിടങ്ങ്, പാവറട്ടി പഞ്ചായത്തുകളിലായിരുന്നു യുഡിഎഫ് വിജയം.
2024 ലോക്സഭ തെരഞ്ഞെടുപ്പ് പരിശോധിക്കുകയാണെങ്കില്‍ ആ കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നത് ബിജെപിക്കാണ്. 8013 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ലഭിച്ചത്. മൂന്ന് മുന്നണികളും പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലം എന്നതിനാല്‍ തന്നെ ഇത്തവണ മണലൂരില്‍ ശക്തമായ ത്രികോണ മത്സര സാധ്യതയാണ് ഉയർന്ന് വരുന്നത്.
സിറ്റിങ് എംഎല്‍എ മുരളി പെരുനെല്ലി, ടി വി ഹരിദാസ്, മുന്‍ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് എന്നിവരുടെ പേരുകളാണ് ഇത്തവണ സ്ഥാനാർത്ഥി പട്ടികയിലേക്ക് ഇടതുപാളയത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്ന പേരുകള്‍. യുഡിഎഫില്‍ ടി എന്‍ പ്രതാപന് സീറ്റുറപ്പിച്ച് മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചരണം തുടങ്ങിക്കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകളില്‍ ആത്മവിശ്വാസം കൊള്ളുന്ന ബിജെപിയാകട്ടെ പ്രമുഖനെ തന്നെ കളത്തിലിറക്കാനാണ് ആലോചിക്കുന്നത്. എ എൻ രാധാകൃഷ്ണൻ, കെ കെ അനീഷ് കുമാർ എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണിക്കുന്നത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം
മണലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു.
Content Highlights: Discussions are underway regarding probable candidates from major political parties for the Manalur Assembly constituency in the upcoming Kerala elections