കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് സ്വന്തമായി ഒരു എംഎല്‍എയുണ്ടായിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്. 2001 ലെ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി, കോഴിക്കോട് -1 മണ്ഡലങ്ങളില്‍ നിന്നായി വിജയിച്ച പി ശങ്കരന്‍, എ സുജനപാല്‍ എന്നിവരാണ് ജില്ലയില്‍ നിന്നുള്ള അവസാന കോണ്‍ഗ്രസ് എംഎല്‍എമാർ. നാണക്കേടിന്റെ ഈ ചരിത്രം തിരുത്തി ഇത്തവണ ജില്ലയില്‍ നിന്നും അഞ്ചിലേറെ കോണ്‍ഗ്രസ് എംഎല്‍എമാർ ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സീറ്റുകളിലൊന്നാണ് കൊയിലാണ്ടി.
കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണെങ്കിലും 2011 മുതല്‍ കൊയിലാണ്ടിയില്‍ സിപിഐഎം പ്രതിനിധികളാണ് ജയിച്ച് വരുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ വോട്ടുനിലയില്‍ ഇടതിനെ പിന്നിലാക്കാന്‍ യുഡിഎഫിന് സാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും 22580 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പിലിന് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ പയ്യോളി നഗരസഭയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് കൊയിലാണ്ടി നഗരസഭ, മൂടാടി പഞ്ചായത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് ഭരണം നിലനിർത്താന്‍ സാധിച്ചത്.
സിറ്റിങ് എംഎല്‍എ ആയിരുന്ന കാനത്തില്‍ ജമീല അന്തരിച്ച സാഹചര്യത്തില്‍ പുതിയ സ്ഥാനാർത്ഥികള്‍ക്കായുള്ള തെരച്ചില്‍ സിപിഐഎമ്മിനുള്ളില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മണ്ഡലം നിലനിർത്താന്‍ മുന്‍ എംഎല്‍എ കൂടിയായ കെ ദാസനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഒരുവിഭാഗത്തിനുള്ളില്‍ ശക്തമാണ്. വാശിയേറിയ മത്സരം നടക്കുന്ന സാഹചര്യത്തില്‍ മണ്ഡലം നിലനിർത്താന്‍ കെ ദാസനെപ്പോലുള്ള ജനകീയ നേതാവിനെ സിപിഐഎം പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. കെ ദാസന് പുറമെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എല്‍ ജി ലിജീഷ്, കെ പി അനില്‍കുമാർ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ രാജിവെച്ച് സിപിഐഎമ്മില്‍ ചേർന്ന നേതാവാണ് കെ പി അനില്‍കുമാർ.
യുഡിഎഫിനെ സംബന്ധിച്ച് ജില്ലയിലെ പല മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി നിർണ്ണയത്തെ തന്നെ നിശ്ചയിക്കുന്ന ഘടകമായി കൊയിലാണ്ടിയിലെ സ്ഥാനാർത്ഥിത്വം മാറിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാർ, കെ എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ സ്ഥാനാർത്ഥിയാകുകയാണെങ്കില്‍ പ്രവീണ്‍കുമാർ നാദാപുരം മണ്ഡലത്തില്‍ ഒരിക്കല്‍ കൂടി ജനവിധി തേടിയേക്കും. ഈ സാഹചര്യത്തില്‍ കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലേക്ക് മാറിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ സ്ഥാനാർത്ഥിയായില്ലെങ്കില്‍ കെ പ്രവീണ്‍ കുമാറിനായിരിക്കും പ്രഥമ പരിഗണന.
ബിജെപിയെ സംബന്ധിച്ച് 2016 നെ അപേക്ഷിച്ച് 2021 ല്‍ വോട്ട് കുറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നാണ് കൊയിലാണ്ടി. 2016 കെ രജിനേഷ് ബാബു 22087 വോട്ടുകളായിരുന്നു നേടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച എന്‍ പി രാധാകൃഷ്ണന് കിട്ടിയത് 17555 വോട്ടുകള്‍ മാത്രമായിരുന്നു. പ്രഫുല്‍ കൃഷ്ണന്‍, അഡ്വ. ബി സത്യന്‍, എസ് ആർ ജയ്കിഷ് എന്നിവരുടെ പേരുകളാണ് ഇത്തവണ ബിജെപി പരിഗണിക്കുന്നത്.
2021 ലെ തെരഞ്ഞെടുപ്പ് ഫലം
കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചവർ
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
Content Highlights: Political discussions are ongoing about probable candidates from the LDF and UDF for the Koyilandy Assembly constituency in the upcoming Kerala elections.