ശബരിമല യുവതി പ്രവേശനം; സമവായം ഉണ്ടാക്കേണ്ടതുണ്ട്, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം: എ വിജയരാഘവൻ

വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം ഞാൻ പറയില്ലയെന്നും എ വിജയരാഘവൻ പറഞ്ഞു

തൃശൂര്‍: ശബരിമല യുവതി പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടിൽ എത്തണമെന്നും എ വിജയരാഘവൻ പറഞ്ഞു.

കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം ഞാൻ പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോൾ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തിൽ കൈകാര്യം ചെയ്യപ്പെട്ടത്. വലതുപക്ഷ രാഷ്ടീയത്തിന് ലാഭമുണ്ടാക്കുന്ന തരത്തിൽ ഒരു അഭിപ്രായ രൂപീകരണം നടത്തുക എന്ന് ഉദ്ദേശം ഇപ്പോഴില്ല. യുവതി പ്രവേശന കാര്യത്തിൽ ഒരു നിലപാട് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിനെ വർണ്ണശബളമാക്കുകയാണ് ചില മാധ്യമങ്ങളെന്നും വിജയരാഘവൻ വ്യക്തമാക്കി. വിഷയത്തിന് ആധാരമായ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനല്ല ശ്രമിക്കുന്നത്. ഓഡിറ്റിന്റെ മൂലയിൽ നിന്ന് ഒരു ഭാഗം എടുത്ത് വാർത്തയാക്കുകയാണ് ചെയ്യുന്നത്. ഓഡിറ്റ് റിപ്പോർട്ടിൻ്റെ വിശദീകരണം ദേവസ്വം ബോർഡ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക നായകർ എന്നു പറഞ്ഞാൽ തന്നെ ഭിന്നാഭിപ്രായം പറയുന്നവരാണ്. അവർ പല അഭിപ്രായങ്ങളും പറയും. സാംസ്കാരിക നായകർ പറയുന്നത് എല്ലാ കാര്യത്തിലും അവസാനവാക്ക് അല്ല. അഭിപ്രായത്തിൽ ആവശ്യമുള്ളത് മാത്രം അംഗീകരിക്കുമെന്നും നിരാകരിക്കേണ്ടത് നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. പാർട്ടി സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോൾ എകെജി സെന്‍ററിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന അഭിപ്രായം പറയണമെന്ന് പറഞ്ഞ് നിയമിച്ചിട്ടില്ല. പ്രേംകുമാർ എല്ലാ കാലത്തും കേരളത്തിലെ പുരോഗമന പക്ഷത്ത് നിന്നിട്ടുള്ള ആളാണ്. പ്രേംകുമാർ ഒരു വലതുപക്ഷക്കാരനായി പോയേക്കാം എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലയെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കൽ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ല. പൊലീസിനെ നിർബന്ധമായും കുറ്റപ്പെടുത്തണമെന്ന് വാശിപിടിക്കേണ്ടതില്ലെന്നും പൂരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നൊരു ശ്രമം ഹിന്ദുത്വ ശക്തികൾ നടത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

ചില മാധ്യമങ്ങൾ തന്നെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്നും ഇനി സ്ഥാനാർത്ഥി ആയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം കിട്ടാതെ പോയ ദുഃഖിതരുടെ പട്ടികയിൽ അപ്പോൾ കൊടുക്കും. അതിനപ്പുറം ഒരു പ്രാധാന്യം കൊടുക്കുന്നില്ലയെന്നും എ വിജയരാഘവൻ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിൽ ഒന്നും പോയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടർന്നു പോയാൽ മതിയെന്നും എ വിജയരാഘവൻ പറഞ്ഞു.

കേരളത്തിലെ എല്ലാ സാമുദായിക സംഘടനകളോടും സൗഹൃദപൂർവമായ സമീപനമാണ് ഇടതുപക്ഷത്തിന് ഉള്ളത്

എസ്എൻഡിപിയോടും എൻഎസ്എസിനോടും മാത്രമല്ല വിവിധങ്ങളായ മുസ്ലിം സംഘടനകളും സൗഹാർദ്ദ പൂർണമായ സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തിന് വിഘാതം നിൽക്കുന്ന എന്തെങ്കിലും സാമുദായിക സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായാൽ അതിനോട് വിയോജിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight : A. Vijayaraghavan said a consensus should be reached on the Sabarimala women’s entry issue, stressing the need for discussions among all concerned sections to arrive at a mutually acceptable solution.

To advertise here,contact us