എന്‍ഡിഎയിലേക്ക് ഇല്ല; പാലക്കാട് മുതലമടയില്‍ രാജിവെച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍; മണ്ഡലം കമ്മിറ്റി ഇല്ലാതായി

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജെവിഎം ട്വന്റി20യില്‍ ലയിച്ച് നൂറ് അംഗങ്ങള്‍ ഉള്ള നെന്മാറ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നത്

പാലക്കാട്: പാലക്കാട് മുതലമടയില്‍ ട്വന്റി20 പാര്‍ട്ടിയില്‍ കൂട്ടരാജി. സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം മുതലമടയിലെ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി 20 നെന്മാറ മണ്ഡലം കമ്മിറ്റി ഇല്ലാതായി. പഴയതുപോലെ ജനകീയ വികസന മുന്നണിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്ന് പാലക്കാട്ടെ നേതാക്കള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജെവിഎം ട്വന്റി20യില്‍ ലയിച്ച് നൂറ് അംഗങ്ങള്‍ ഉള്ള നെന്മാറ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നത്. ജെവിഎം ഭാരവാഹികള്‍ കിഴക്കമ്പലത്തെത്തി സാബു എം ജേക്കബുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ട്വന്റി 20 സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപകുമാര്‍ മുതലമടയിലെത്തുകയും ചെയ്തിരുന്നു.

പഞ്ചായത്തിലെ 22 ല്‍ 21 വാര്‍ഡിലേയ്ക്കും ട്വന്റി 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഒരു വാര്‍ഡില്‍ രണ്ടാമതെത്തിയെന്നതൊഴിച്ചാല്‍ അവര്‍ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനായിരുന്നില്ല. ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം നടക്കുന്നതിനിടെ ആയിരുന്നുവെന്ന വാർത്ത റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു.

കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ലെന്നുമായിരുന്നു റിപ്പോർട്ട്.

Content Highlights:Twenty20 workers resign from Palakkad Muthalamada

To advertise here,contact us