കൊച്ചി: ബലാത്സംഗക്കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ പിന്തുണച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ആര് വി സ്നേഹ. കോണ്ഗ്രസുകാരിയാണെന്ന് ഓര്ക്കണമെന്ന മുന്നറിയിപ്പോടെയാണ് സ്നേഹയുടെ ഫേസ്ബുക്ക് കുറിപ്പ്.
'പാര്ട്ടി ചില തീരുമാനങ്ങളെടുക്കുമ്പോള് പാര്ട്ടിയെക്കാള് വലിയ നിലപാട് പാര്ട്ടി പ്രവര്ത്തകര്ക്കില്ല. അതാണ് കോണ്ഗ്രസ്. നിങ്ങള് ഇന്നൊരു കോണ്ഗ്രസുകാരിയാണ്', സ്നേഹ കുറിച്ചു. ശ്രീനാദേവി കോണ്ഗ്രസ് അംഗത്വം സ്വീകരച്ചതിന്റെ രസീത് പങ്കുവെച്ചുകൊണ്ടായിരുന്നു സ്നേഹയുടെ വിമര്ശനം.
ശ്രീനാദേവിയെ വിമര്ശിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില് തോമസും രംഗത്തെത്തി. പേരിന്റെ അര്ത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല് ഭാഗ്യമെന്നുമായിരുന്നു അനില് തോമസിന്റെ വിമര്ശനം.
അതേസമയം, ബലാത്സംഗക്കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത പരാതി നല്കി. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില് വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര് സെല് അന്വേഷണവും നിയമനടപടിയും വേണമെന്നും അവര് പരാതിയില് ആവശ്യപ്പെടുന്നു.
സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന് ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില് താന് കേരള പൊലീസില് വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു.
രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില് സംശയവും പ്രകടിപ്പിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയ്ക്കൊപ്പം നില്ക്കുമ്പോള് തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്ക്കണം. താന് അദ്ദേഹത്തോടൊപ്പമാണ്. രാഹുലിനെതിരെ ഉയര്ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില് പീഡന ആരോപണം നിലനില്ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാദേവി രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണ നല്കിയത്.
Content Highlights: rv sneha files complaint against sreenadevi kunjamma for supporting rahul mamkootathil