സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്, അത് തുടരും: വി കെ പ്രശാന്ത്

എന്തിനാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസെന്നും അത് എംഎല്‍എ ക്വാട്ടേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ വെച്ചുകൂടെ എന്നും പറയുന്നവര്‍ക്കുളള മറുപടിയാണിതെന്നും എംഎൽഎ പറഞ്ഞു

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

'എന്തിനാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസെന്നും അത് എംഎല്‍എ ക്വാട്ടേഴ്‌സിന്റെ രണ്ടാമത്തെ നിലയില്‍ വെച്ചുകൂടെയെന്നും പറയുന്നവര്‍ക്കുളള മറുപടി… സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യും': വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. എംഎല്‍എ ഓഫീസിലേക്ക് വീല്‍ച്ചെയറിലെത്തിയ ഒരു വയോധികനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് വി കെ പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നാണ് ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം. എംഎൽഎ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം. എന്നാൽ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ തന്റെ മുറിക്ക് നിയമപരമായ കാലാവധിയുണ്ടെന്ന് വ്യക്തമാക്കി വി കെ പ്രശാന്ത് രംഗത്തെത്തുകയായിരുന്നു.

Content Highlights: MLA office in Sasthamangalam is for common people and will continue to do so: VK Prashanth

To advertise here,contact us