'സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണം'; ശബരിമല സ്വർണക്കൊള്ള കേസിലെ ഹൈക്കോടതി നിരീക്ഷണത്തിൽ പ്രതിപക്ഷം

ശബരിമല സ്വർണക്കൊള്ളയിൽ അന്തര്‍ സംസ്ഥാന വ്യാപനമുണ്ടെന്ന് വി ഡി സതീശന്‍

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരായ ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എസ്ഐടിക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തിയിരുന്നുവെന്നും ഇന്ന് ഹൈക്കോടതി അത് ശരിവെച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി കണ്ണുതുറന്ന് വസ്തുനിഷ്ഠമായി പരിശോധിച്ചെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

അന്വേഷണം വന്‍ സ്രാവുകളിലേക്ക് നീങ്ങിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് സതീശൻ എടുത്തു പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് എസ്‌ഐടിക്ക് മുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയത്. തങ്ങള്‍ അപ്പോഴും എസ്‌ഐടിയില്‍ അതൃപ്തി അറിയിച്ചില്ല. ഹൈക്കോടതി നിയോഗിച്ച ടീമാണ് അവര്‍. അവര്‍ക്ക് സത്യസന്ധമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റും. എന്നാല്‍ അവരും മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിലെ പൊലീസാണ്. അതുകൊണ്ടാണ് മുഖ്യമന്തിയുടെ ഓഫീസിന് മേലുള്ള സമ്മര്‍ദമുണ്ടായപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ അന്തര്‍ സംസ്ഥാന വ്യാപനമുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേസ് ഇ ഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ അന്വേഷിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായി ഇ ഡി ഒരു കാര്യവും അന്വേഷിക്കരുതെന്ന് മാത്രമേ പറയാനുള്ളു. ഇതിനകത്ത് വന്‍ തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര റാക്കറ്റ് ഇടപെടാനുള്ള സാധ്യതയുണ്ട്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പ് ആരോപണം ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിയായിരുന്നു. പ്രധാനപ്പെട്ട ആളുകള്‍ക്ക് കവര്‍ച്ച നടന്നത് അറിയാമായിരുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സതീശൻ വീണ്ടും ഉന്നംവെച്ചു. അന്നത്തെ ദേവസ്വം മന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സതീശൻ ആവർത്തിച്ചു. ഈ മൊഴികളില്‍ അതുണ്ടാകും. അതുകൊണ്ട് അദ്ദേഹത്തെയും ചോദ്യം ചെയ്യാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വന്‍ സമ്മര്‍ദം ഉണ്ടായി. എസ്‌ഐടിയെക്കുറിച്ച് അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. അവരെ കൊണ്ട് പറ്റും. അവരെ ബുദ്ധിമുട്ടിക്കാതിരുന്നാല്‍ മതി. 2019ല്‍ ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു, 2024ല്‍ കവര്‍ച്ചാശ്രമം നടന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എസ്ഐടിക്കെതിരെ ഹൈക്കോടതി നിരീക്ഷണം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സണ്ണി ജോസഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കള്ളക്കളികള്‍ ഓരോന്നായി മറനീക്കി പുറത്തുവരികയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോടതി മാത്രമാണ് ആശ്വാസം. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ആഭ്യന്തര വകുപ്പ്. അത് മനസിലാക്കിയാണ് കോടതി എസ്‌ഐടിയെ നിയോഗിച്ചത്. അവരുടെ കൈകളും കെട്ടപ്പെട്ടെന്ന് തങ്ങള്‍ ജനങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. പൂര്‍ണ തൃപ്തിയില്ലെന്ന് തങ്ങള്‍ പറഞ്ഞു. ഹൈക്കോടതി അത് അംഗീകരിച്ചു. ഹൈക്കോടതി നിരീക്ഷണം ആശ്വാസം നല്‍കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണമാണ് ഹൈക്കോടതിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതരെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അറച്ചുനില്‍ക്കുന്നുവെന്നും അന്വേഷണം മന്ദഗതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവുമായി ഇന്ന് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നിര്‍ണായക അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണത്തില്‍ എസ്ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് ശേഷം എസ്‌ഐടി ഗുരുതര ആലസ്യത്തിലാണ്. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിലാണ് എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

Content Highlights: V D Satheesan and Sunny Joseph about Kerala High Court observation in Sabarimala case

To advertise here,contact us