തിരുവനന്തപുരം: പോരാട്ടം തുടരുമെന്ന് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവ നടി. ഉന്നയിച്ച പ്രശ്നങ്ങള് ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും സത്യസന്ധമാണെന്നും യുവ നടി സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. സാധാരണക്കാരായ സ്ത്രീകള് ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള് ഉയര്ത്തുകയാണ് ലക്ഷ്യമെന്നും നടി വ്യക്തമാക്കി. രാഹുലിനെതിരായ ലൈംഗിക അതിക്രമ പരാതിയില് ക്രൈംബ്രാഞ്ച് ഇന്ന് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
'ഉന്നയിച്ച പ്രശ്നങ്ങള് ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണക്കാരായ സ്ത്രീകള് ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള് ഉയര്ത്തുകയാണ് ലക്ഷ്യം. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പോരാട്ടം തുടരുക തന്നെ ചെയ്യും. പതപ്പിക്കലുകാര്ക്കും വെളുപ്പിക്കലുകാര്ക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച് സദാചാര അമ്മച്ചിമാര്ക്ക്. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികള് ഇല്ല എന്നതിനര്ത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലല്ലോ', യുവനടി പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ നേരിടേണ്ടി വരുന്ന സൈബര് ആക്രമണത്തോടും നടി പ്രതികരിച്ചു. സൈബര് ആക്രമണത്തെക്കുറിച്ചാണെങ്കില് അതൊരു ബഹുമതിയായി കാണുന്നുവെന്ന് യുവനടി പറഞ്ഞു. ഉന്നയിച്ച കാര്യം കൊള്ളുന്നവര്ക്ക് പൊള്ളുന്നതുകൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം എന്നും യുവ നടി പ്രതികരിച്ചു.
മൊഴി നൽകാനെത്തിയ നടി രാഹുല് അയച്ച സന്ദേശങ്ങളുടെ പകര്പ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില് പരമാവധി തെളിവുകള് ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് പ്രാധാന്യം നല്കുന്നത്. അതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തി തെളിവുകള് ശേഖരിച്ചത്.
Content Highlights: fight will Continue said actress who make allegations against Rahul Mamkootathil