
തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമിൽ കൂടാത്തതും 30 മിനുട്ട് ആവറേജ് പവർ 250 വാട്ടിൽ കുറവുള്ളതും ആയ വാഹനങ്ങൾ മാത്രമേ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാതെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കാവൂ.
ഈ നിബന്ധനകൾ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങൾ മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ വരുന്നവയും രജിസ്‌ടേഷൻ നമ്പർ ആവശ്യമുള്ളവയുമാണെന്ന് എംവിഡി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. യാത്രകൾ സുരക്ഷിതമാക്കാൻ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെൽമറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക. അനലറ്റിക്കൽ തിങ്കിംഗ്, സ്‌പേഷ്യൽ ജഡ്ജ്‌മെന്റ്, വിഷ്വൽ സ്‌കാനിംഗ് എന്നിവയിലെ പോരായ്മകൾ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സ്വരക്ഷയുടെ കാര്യത്തിൽ റിസ്‌ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങൾ കുട്ടികളെ പെട്ടെന്ന് അപകടത്തിൽ ചാടിക്കും. പ്രായ പൂർത്തിയാവാത്ത കുട്ടികളെ നമുക്ക് ചേർത്ത് പിടിക്കാമെന്നും അവരുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങൾ അവർക്ക് നൽകാതിരിക്കൂവെന്നും എംവിഡി. ഇലക്ട്രിക് സ്‌ക്കൂട്ടറുമായി സഞ്ചരിച്ച യാത്രികന്റെ വീഡിയോ കൂടി പങ്കുവെച്ചാണ് എംവിഡിയുടെ പോസ്റ്റ്.
Content Highlights: Motor Vehicle Department advises to keep certain things in mind when using electric scooters