പ്രധാനമന്ത്രി പദം പങ്കുവെക്കലില്‍ ധാരണയായില്ല, നെതന്യാഹു-ഐസന്‍കോട്ട് ചര്‍ച്ച പരാജയമെന്ന് റിപ്പോര്‍ട്ട്

ഐസന്‍കോട്ടിന് ആദ്യം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനും പിന്നീട് നെതന്യാഹു സ്ഥാനം ഏറ്റെടുക്കാനുമുള്ള റൊട്ടേഷന്‍ സംവിധാനത്തിന് നെതന്യാഹു നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു

representative image

ടെല്‍ അവീവ്: ഇസ്രയേലില്‍ ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയും തമ്മിലുള്ള ചര്‍ച്ചകള്‍ വലിയ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വഴിമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസന്‍കോട്ടിനെയും അദ്ദേഹത്തോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളെയും ലിക്കുഡിലെ മുതിര്‍ന്ന മന്ത്രിമാര്‍ വിമര്‍ശിച്ചതോടെ രാഷ്ട്രീയ തര്‍ക്കം ശക്തമായി. ടെല്‍ അവീവിലെ കിര്യ പ്രതിരോധ ആസ്ഥാനത്ത് നെതന്യാഹുവും ഐസന്‍കോട്ടും തമ്മില്‍ ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ചര്‍ച്ചകള്‍ ഔദ്യോഗിക സ്വഭാവത്തിലായിരുന്നെന്നും ഇരുവിഭാഗവും പ്രധാന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെന്നും വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചയില്‍ ധാരണയിലെത്താനായില്ലെന്നും തുടര്‍യോഗങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐസന്‍കോട്ടിന് ആദ്യം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കാനും പിന്നീട് നെതന്യാഹു സ്ഥാനം ഏറ്റെടുക്കാനുമുള്ള റൊട്ടേഷന്‍ സംവിധാനത്തിന് നെതന്യാഹു നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ധാരണയിലെത്താന്‍ ലിക്കുഡിന് 24 മണിക്കൂര്‍ സമയം ഐസന്‍കോട്ട് നല്‍കിയിരുന്നു. എന്നാല്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് താല്‍പര്യമില്ലെന്നാണ് ചര്‍ച്ചകളില്‍ വ്യക്തമായതെന്ന് നെതന്യാഹുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ സഖ്യവുമായി മുന്നോട്ടുപോകാനാണ് ഐസന്‍കോട്ടിന്റെ തീരുമാനമെന്നും, സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ലിക്കുഡിനും സഖ്യകക്ഷികള്‍ക്കും നയപരമായ വ്യവസ്ഥകള്‍ അംഗീകരിച്ച് ചേരാനുള്ള അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐസന്‍കോട്ടിന്റെ നീക്കത്തിനെതിരെ ലിക്കുഡ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. നെതന്യാഹുവിന്റെ മുന്‍ സഖ്യകക്ഷിയായിരുന്ന യുണൈറ്റഡ് തോറാ ജൂഡായിസം (യുടിജെ) ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരുന്നതിനെ സാംസ്കാരിക മന്ത്രി മിക്കി സോഹര്‍ മുന്നറിയിപ്പോടെ വിമര്‍ശിച്ചു. അത്തരമൊരു നീക്കം വലതുപക്ഷവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ആശ്രയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഇസ്രയേലി സമൂഹത്തിലെ ഭിന്നത വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി യോവ് കിഷ് അഭിപ്രായപ്പെട്ടു. ആശയവിനിമയ മന്ത്രി ഷ്‌ലോമോ കര്‍ഹിയും സമൂഹമാധ്യമത്തിലൂടെ ഐസന്‍കോട്ടിനെ വിമര്‍ശിച്ചു. അറബ് എംപിമാരായ അഹ്‌മദ് തിബിയും മന്‍സൂര്‍ അബ്ബാസും ഇസ്രയേല്‍ പതാകയ്ക്ക് സമീപം തീ കൊളുത്തുന്ന രീതിയില്‍ ചിത്രീകരിച്ച, ഐസന്‍കോട്ട് ഹനുക്ക മെഴുകുതിരി കൈമാറുന്നതായുള്ള എഐ ചിത്രം അദ്ദേഹം പങ്കുവെച്ചു. ഐസന്‍കോട്ടിന്റെ രാഷ്ട്രീയ നീക്കങ്ങളെ ചോദ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടിയും നഫ്താലി ബെനറ്റിന്റെ 'ബിയാചാദ്' പാര്‍ട്ടിയും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ തുടരുകയാണ്. ഇരുനേതാക്കളും നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. ലിക്കുഡുമായി ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്ന് നിലപാടുള്ള ബെനറ്റ്, അള്‍ട്രാ ഓര്‍ത്തഡോക്‌സ് യെശിവ വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായ സൈനിക സേവന ഇളവുകള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നു. യുടിജെയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണിത്. യെശിവ വിദ്യാര്‍ഥികളെ സൈനിക സേവനത്തിന് നിര്‍ബന്ധിക്കണമെന്ന നിലപാടാണ് ഐസന്‍കോട്ടിനുമുള്ളത്. ഇതും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയമായി തുടരുകയാണ്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ലിക്കുഡിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടമായതോടെയാണ് ഐസന്‍കോട്ട് വിവിധ രാഷ്ട്രീയ വിഭാഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സഖ്യത്തിന്റെ ഘടന, സൈനിക സേവനം, രാഷ്ട്രീയ നിലപാടുകള്‍ എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമാകുകയാണ്.

Content Highlights: Efforts to form a national unity government in Israel are reportedly facing setbacks amid disagreements between caretaker Prime Minister Benjamin Netanyahu's Likud party and Gadi Eisenkot's Yashar party. Senior Likud ministers have criticised Eisenkot and his allies, intensifying the political dispute. A nearly two-hour meeting between Netanyahu and Eisenkot at the Kirya defence headquarters in Tel Aviv failed to resolve major differences, and no further meeting has reportedly been scheduled.

To advertise here,contact us