സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; റിയാദിലെ കെട്ടിടത്തിന് കേടുപാട്; തിരിച്ചടിച്ച് സൗദി അറേബ്യ

റിയാദിന് നേരെ നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായാണ് സൗദിയുടെ അവകാശവാദം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക മേഖലയിലുള്ള കെട്ടിടത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ച് സൗദി അറേബ്യ അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാര സമ്പത്തികനിധിയായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) ആസ്ഥാനമായ കെട്ടിടത്തിനാണ് കേടുപാടുകൾ സംഭവിച്ചത്. റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയാണിത്. സൗദി ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളിലാണ് കെട്ടിടം തിരിച്ചറിഞ്ഞത്.

ഹൂതി ആക്രമണത്തിൽ കെട്ടിടത്തിനും സമീപത്തെ മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി വ്യാഴാഴ്ചയാണ് സൗദി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചത്. അതേസമയം, റിയാദിന് നേരെ തൊടുത്തുവിട്ട മിസൈലുകൾ സഖ്യസേന നേരത്തെ തന്നെ തടഞ്ഞതായി അറിയിച്ചിരുന്നു. തലസ്ഥാനത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ ആസ്തികൾ സുരക്ഷിതമാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണമായും നിയമപരമായ അവകാശമുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിന് പിന്നാലെ ഹൂതികൾക്ക് തിരിച്ചടി നൽകിയതായി സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്. റിയാദിന് നേരെ നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചത്. അതേസമയം യമനിലെ തുറമുഖ നഗരമായ മൊഖയിലും തായിസ് പ്രവിശ്യയിലുമായി വ്യാഴാഴ്ച നടന്ന വ്യോമാക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. മൊഖയിലെ വിശ്രമകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായിസ് പ്രവിശ്യയിൽ റോഡ് അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടുണ്ടായ മറ്റൊരു ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വക്താവ് പറഞ്ഞു. സൗദി പിന്തുണയുള്ള സേനയാണ് ആക്രമണങ്ങൾ നടത്തിയതെന്നും ഹൂതി വക്താവ് ആരോപിച്ചു. മൻ തലസ്ഥാനമായ സനയിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ സൗദി വിമാനം വ്യോമാക്രമണം നടത്തിയതായും ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കാനും ആക്രമണങ്ങളെ അപലപിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം നിറവേറ്റണമെന്നും ഹൂതി ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ ആവശ്യപ്പെട്ടു. റിയാദിന് നേരെ ഹൂതികൾ മിസൈൽ ഭീഷണി ഉയർത്തിയതിനെത്തുടർന്ന് സൈന്യം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി എക്സിലൂടെ അറിയിച്ചു. യമനുമായി അതിർത്തി പങ്കിടുന്ന സൗദിയുടെ തെക്കൻ മേഖലയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും അദ്ദേഹം പിന്നീട് വ്യക്തമാക്കി. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഖമീസ് മുഷൈത്ത് ഗവർണറേറ്റിലും അബ്ഹ നഗരത്തിലും സിവിൽ ഡിഫൻസ് വിഭാഗം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പിന്നീട് അപകടഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് ഏഴ് അടിയന്തര മുന്നറിയിപ്പുകളാണ് നൽകിയതെന്നാണ് റിപ്പോർട്ട്.

ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഹൂതികൾ സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, എണ്ണസംവിധാനങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് റിയാദിലെ അംബരചുംബിയായ കെട്ടിടത്തിന് നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണം. നവംബർ എട്ടിന് റിയാദിലെ സാമ്പത്തിക മേഖലയിലുള്ള സൗദി അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ നിരവധി നിലകളിൽ ദൃശ്യമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മിസൈൽ തടഞ്ഞതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചതാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നായിരുന്നു സൗദി അധികൃതരുടെ വിശദീകരണം. ബുധനാഴ്ചയും സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളം, സാമ്പത്തിക കേന്ദ്രം, ജിസാനിലെ പ്രധാന കേന്ദ്രം, തെക്കൻ മേഖലയിലെ ഖമീസ് മുഷൈത്ത് വ്യോമതാവളം എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഇതേത്തുടർന്ന് വിവിധയിടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു.

അതേസമയം സൗദിയിലെ ഏറ്റവും പുതിയ ആക്രമണങ്ങൾക്കിടെ വിവിധ മേഖലകളിലായി ഹൂതികൾക്കെതിരെ വ്യാഴാഴ്ച ഏകദേശം 715 വ്യോമാക്രമണങ്ങൾ നടത്തിയതായി യമൻ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള സേന പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ ആരംഭിച്ച പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നവംബർ 16 വരെ 2,260 പേർ കൊല്ലപ്പെടുകയും 10,519 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സേനകളും ഒരു ഭാഗത്തും രാജ്യത്തെ ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾ മറുഭാഗത്തുമായി തുടരുന്ന പോരാട്ടം 2022ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനും അന്ത്യം കുറിച്ചിരിക്കുകയാണ്. അന്ന് ഇരുവിഭാഗങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ വലിയ തോതിൽ കുറഞ്ഞിരുന്നു.

Houthi rebels launch a missile attack targeting Saudi Arabia, damaging a building in Riyadh's financial district and prompting Saudi Arabia to retaliate

To advertise here,contact us