ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പോരാടുമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ;യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്

അതേസമയം സംഘർഷ സാധ്യത നിലനിൽക്കുന്നതും എണ്ണ വിതരണം നേരിടുന്ന തടസങ്ങളും മൂലം ഊർജ വിപണി കനത്ത സമ്മർദത്തിലാണ്

തെഹ്‌റാൻ/ വാഷിങ്ടൺ: ഇറാന്റെ ആവശ്യങ്ങൾ അമേരിക്ക അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗലിബാഫ്. യുദ്ധം അനിശ്ചിത കാലത്തേക്ക് തുടരുന്നതിനോ ചർച്ചകൾ നീട്ടിക്കൊണ്ട് പോകുന്നതിനോ ഇറാന് താത്പര്യമില്ലെന്നും എന്നാൽ വാഷിങ്ടൺ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഗാലിബാഫ് വ്യക്തമാക്കി. അതേസമയം ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് ആവർത്തിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേതാക്കളുടെ വാദപ്രതിവാദങ്ങൾ തുടരുന്നതിന് ഇടയിൽ ഹോർമൂസ് കടലിടുക്കിൽ രണ്ട് ടാങ്കറുകൾ ആക്രമണത്തെ തുടർന്ന് മുങ്ങി. സിങ്കപ്പൂർ, ആന്റിഗ്വാ കപ്പലുകളാണ് അക്രമിക്കപ്പെട്ടത്.

സിംഗപ്പൂരിന്റെ GFS പ്രൈഡ് എന്ന ടാങ്കറിന് നേരെ പ്രൊജക്ടൈല്‍ ആക്രമണമാണ് ഉണ്ടായത്. കാര്യമായ കേടുപാടുകള്‍ സംഭവിച്ച കപ്പലില്‍ തീപിടുത്തവുമുണ്ടായി. കപ്പലിലുണ്ടായിരുന്ന 21 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മാരിടൈം ആന്‍ഡ് പോര്‍ട്ട് അതോറിറ്റി ഒഫ് സിംഗപ്പൂര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ആന്റിഗ്വ - ബാര്‍ബുഡ പതാകയേന്തിയ കേപ്പ് ഡാവോ എന്ന ഡ്രൈ ബള്‍ക്ക് കാരിയറാണ് മുങ്ങിയത്. കടലില്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചാണ് കപ്പല്‍ അപകടത്തിലായതെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തില്‍ ക്രൂ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മോസ് കടലിടുക്കിലെ അനധികൃത റൂട്ടിലൂടെയാണ് ഈ കപ്പല്‍ സഞ്ചരിച്ചതെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രതികരിച്ചിട്ടുണ്ട്. ഇതോടെ ഹോർമൂസിലൂടെയുള്ള ഗതാഗതം മന്ദഗതിയിലായി.

ഹോർമൂസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന് എല്ലാം നഷ്ടപ്പെട്ടുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇറാനെ ഒരു പാഠം പഠിപ്പിക്കുമെന്നും അമേരിക്കയുടെ എല്ലാ ക്ഷമയും നശിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇറാൻ പൗരന്മാർ ആശങ്കയോടെ കാത്തിരിക്കുകയാണെന്നും ഒരിക്കലും ആണവായുധം കരസ്ഥമാക്കാൻ അവരെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില ഇടിയുമെന്നും അത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനിടെ ഒബാമ ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനവും നടത്തി. ഒബാമ കോടിക്കണക്കിന് ഡോളറുകൾ ഇറാന് നൽകിയെന്നും ആണവായുധം വികസിപ്പിക്കുന്നതിൽ നിന്നും അവരെ തടയാമായിരുന്നുവെന്നും ട്രംപ് വിമർശിച്ചു. ഇറാനെതിരെ എത്രയും വേഗം താനൊരു തീരുമാനത്തിലെത്തും സൈനികർക്ക് ശമ്പളം പോലും നൽകാൻ ശേഷിയില്ലാത്ത സാമ്പത്തികമായി നിലംപതിച്ച ഇറാനൊരു പരാജയപ്പെട്ട രാജ്യമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ - യുഎസ് സംഘർഷം എട്ടാം മാസത്തിലെത്തി നിൽക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം.

അതേസമയം സംഘർഷ സാധ്യത നിലനിൽക്കുന്നതും എണ്ണ വിതരണം നേരിടുന്ന തടസങ്ങളും മൂലം ഊർജ വിപണി കനത്ത സമ്മർദത്തിലാണ്. നിലവിൽ എണ്ണവില കുതിച്ചുയർന്ന്, ബ്രൻഡ് ക്രൂഡ് വ്യാപാരം 106.58 ഡോളറിലെത്തി നിൽക്കുകയാണ്. നവംബർ 3ന് നടക്കാനിരിക്കുന്ന യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യുദ്ധം അവസാനിപ്പിക്കുന്നതായും എണ്ണ വില കുറയുമെന്നതുമടക്കമുള്ള വാഗ്ദാനങ്ങൾ ട്രംപ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് നിഗമനം.

Content Highlights: Iran’s parliament speaker has stated that the tension will continue until the United States accepts Iran’s demands. The statement outlines Iran’s position on ending the conflict and indicates that an agreement meeting its conditions is necessary before the conflict can stop

To advertise here,contact us