ബെയ്ജിങ്: മികച്ച പ്രകടനം കാഴ്ച്ചവച്ച ജീവനക്കാര്‍ക്ക് പുതുപുത്തന്‍ ബിഎംഡബ്ള്യു കാറുകള്‍ സമ്മാനിച്ച് ഒരു റെസ്റ്റോറന്റ് ഉടമ. സംഭവം ഇന്ത്യയിലല്ല, ചൈനയിലാണ്. ദിവസവും ജോലിക്ക് പോകുമ്പോള്‍ തന്റെ ജീവനക്കാര്‍ മഴയും വെയിലും കൊള്ളേണ്ടന്ന ആഗ്രഹമാണ് സമ്മാനം നല്‍കിയതിന് പിന്നിലെന്ന് ഉടമ.
സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ജിയാവോസുവോയില് ബീഫ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മാ യാന്ലിയാണ് ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ചത്. തന്റെ ഭൂരിഭാഗം ജീവനക്കാരും ഇലക്ട്രിക് സ്കൂട്ടറുകളിലാണ് ജോലിക്ക് എത്തുന്നതെന്ന് യാന്‍ലി ശ്രദ്ധിച്ചിരുന്നു. തണുപ്പ്, മഴ, ശക്തമായ കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ ജീവനക്കാര്‍ യാത്ര ചെയ്യേണ്ടിവരുന്നത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി യാന്‍ലിക്ക് തോന്നി.
സെപ്റ്റംബര്‍ 24ന് യാന്‍ലി തന്റെ ജീവനക്കാരെ ഒരു മീറ്റിംഗിനാണെന്ന് പറഞ്ഞ് ബിഎംഡബ്ള്യു ഷോറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഷോറൂമിലെത്തിയപ്പോഴാണ് ജീവനക്കാര്‍ക്ക് സർപ്രൈസ് മനസ്സിലായത്. ഓരോ ബിഎംഡബ്ള്യു കാറിനും ഏകദേശം 3 ലക്ഷം യുവാന്‍ (ഏകദേശം 43 ലക്ഷം രൂപ) വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാന്‍ലി തന്നെ കാറുകളുടെ മുഴുവന്‍ വിലയും അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതുപോലൊരു സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം. തണുത്ത കാലാവസ്ഥയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരു ജീവനക്കാരന്റെ മുഖം ചുവന്നിരിക്കുന്നത് കണ്ടതാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് യാന്‍ലി പറഞ്ഞു. തനിക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുമ്പോള്‍ തന്റെ ജീവനക്കാര്‍ എന്തുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്ന ചിന്തയാണ് ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിക്കാന്‍ പ്രേരണയായതെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: A Chinese restaurant owner gifted brand-new BMW cars worth around ₹43 lakh each to top-performing employees to protect them from harsh weather during their daily commute