ഇതിഹാസം പടിയിറങ്ങുന്നു... ലയണല്‍ മെസ്സി വിരമിച്ചു; ദേശീയ ടീമിനായി ഇനി കളിക്കില്ല

39ാം വയസ്സിലാണ് വിരമിക്കല്‍

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി. 39ാം വയസ്സിലാണ് വിരമിക്കല്‍. അർജന്‍റീനയ്ക്കായി ഇതിഹാസതാരം ഇനി കളിക്കില്ല. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്ന് മെസ്സി കുറിച്ചു.

'ഫൈനല്‍ മത്സരം കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ട ശേഷം, ഏറെ ആലോചിച്ചാണ് എല്ലാവരെയും ഇക്കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കുകയാണ്.

വേദനിപ്പിച്ച തീരുമാനമാണ്. ഇപ്പോഴും വേദനിക്കുന്നുണ്ട്. എങ്കിലും ഇതാണ് ശരിയായ സമയം. ഇക്കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ മാത്രമല്ല, അതിന് മുമ്പും ഞാന്‍ എല്ലാം നല്‍കിയിട്ടുണ്ട്. ഈ ജഴ്‌സിക്കായും നിങ്ങളെ സന്തോഷിപ്പിക്കുന്നതിനായും അര്‍ജന്റീനക്കാരനായിരിക്കുന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നിക്കാനുമായി ഫുട്‌ബോളിലൂടെ ഞാന്‍ പോരാടി. എന്റെ എല്ലാം നല്‍കി.

ഇനി അധികം സമയമില്ല. ഞാന്‍ വളരെയധികം വേദനയിലൂടെ കടന്നുപോകുന്ന ഒരുഘട്ടമാണ്. ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന കാലഘട്ടത്തെ ഞാന്‍ സ്‌നേഹിക്കുന്നു, സ്‌നേഹിച്ചിരുന്നു. സ്‌നേഹിക്കുകയും ചെയ്യും. എനിക്ക് നല്‍കാനുള്ളതെല്ലാം നല്‍കി. ഇനി നല്‍കാന്‍ ഒന്നും ബാക്കിയില്ല. കൂടാതെ, വളരെ കഴിവുള്ള നിരവധി യുവതാരങ്ങള്‍ പിന്നില്‍ നിന്ന് വളര്‍ന്നുവരുന്നുണ്ട്. അവര്‍ ദേശീയ ടീമില്‍ അവസരം അര്‍ഹിക്കുന്നവരാണ്.

ഈ 20 വര്‍ഷക്കാലം നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. സ്റ്റേഡിയത്തിനുള്ളില്‍ നിന്ന് നിങ്ങളുടെ ശബ്ദം ഞാന്‍ മിസ് ചെയ്യും. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളില്‍, പുറത്തുനിന്ന് എപ്പോഴും ടീമിനെ പിന്തുണച്ച്, ആവേശത്തോടെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇനി ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കും.

എനിക്കൊപ്പം നിന്നതിനും മനോഹരവും പ്രയാസകരവുമായ യാത്രയില്‍ എന്നെ പിന്തുണച്ചതിനും കുടുംബത്തിന് നന്ദി. എനിക്കൊപ്പം ഈ യാത പങ്കിട്ട ഓരോ പരിശീലകനും സഹതാരത്തിനും നന്ദി. മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകളും നിമിഷങ്ങളുമാണ് ഞാന്‍ ഒപ്പം കൊണ്ടുപോകുന്നത്.എന്റെ സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന്, നിങ്ങള്‍ സ്വപ്നം കാണുന്ന നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതിലുള്ള സമാധാനവും അഭിമാനവുമാണ് എനിക്കുള്ളത്. നിങ്ങളോടൊപ്പം ഇതെല്ലാം അനുഭവിക്കാന്‍ കഴിഞ്ഞത് അവിശ്വസനീയമായൊരു അനുഭവമായിരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു!

എന്നെ അര്‍ജന്റീനക്കാരനാക്കിയ ദൈവത്തിന് നന്ദി.

വാമോസ് അര്‍ജന്റീന!', മെസ്സി കുറിച്ചു.

ലോകകപ്പ് ഫൈനലിന് രണ്ട് ദിവസം കഴിഞ്ഞ് ജൂലൈ 21നാണ് ഇത് എഴുതുന്നതെന്നും പിതാവിന്റെ മരണത്തോടെ വിരമിക്കല്‍ തീരുമാനം ഉറപ്പിച്ചതെന്നും മെസ്സി കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അര്‍ജന്റീനയെ നയിച്ച ക്യാപ്റ്റനാണ് മെസ്സി. 2022 ലോകകപ്പ് സ്വന്തമാക്കിയ അര്‍ജന്റീന ടീമിന്റെ നായകനായിരുന്നു. ഇത് മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ അധ്യായമായിരുന്നു. 2014, 2026 ലോകകപ്പ് ഫൈനലുകളിലും എത്തി. ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരം മാത്രമല്ല, ഒരു തലമുറയുടെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കിയ പേരാണ് ലയണല്‍ മെസ്സിയെന്നത്. 207 മത്സരങ്ങളില്‍ 125 ഗോളുകള്‍ സ്വന്തമാക്കി. പന്തിനെ കാലില്‍ ഒട്ടിച്ചുനിര്‍ത്തി പ്രതിരോധനിരകളെ മറികടന്ന് ഗോളിലേക്ക് കുതിക്കുന്ന മെസ്സിയുടെ ഓരോ നീക്കവും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു കാഴ്ചാവിരുന്നായിരുന്നു.

Content Highlights: Lionel Messi retires from international football

To advertise here,contact us