'എനിക്ക് അവരെ ഇഷ്ടമാണ്, പക്ഷേ അവർ ഒരു തെറ്റ് ചെയ്തു'; മെലോണിയുടെ ഇറാൻ നിലപാടിൽ ട്രംപ്

ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി

വാഷിങ്ടൺ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെലോണി നല്ലൊരു വ്യക്തിയാണെങ്കിലും ഇറാനെ പിന്തുണയ്ക്കാനുള്ള അവരുടെ തീരുമാനം തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്ന് ട്രംപ് പ്രതികരിച്ചു. അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ യുഎസിന്റെ പ്രവർത്തനങ്ങളെ ഇറ്റലി പിന്തുണയ്ക്കാത്തത് തന്നെയാണ് അസ്വാരസ്യങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ആവർത്തിച്ചു. അതേസമയം മെലോണിയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർത്താൻ ട്രംപ് തയ്യാറായില്ല. വ്യക്തിപരമായി അവർ നല്ലതാണെന്ന് കൂടി കൂട്ടിച്ചേർത്തായിരുന്നു പ്രതികരണം. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

ഇറാൻ, നാറ്റോ എന്നീ വിഷങ്ങളിൽ പൊരുത്തക്കേടുകൾ വ്യക്തമാക്കി സോഷ്യൽ മീഡിയയിലൂടെ പരസ്പരം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടത് വാർത്തയായിരുന്നു. ഇതോടെ ട്രംപിന് യൂറോപ്യൻ നേതാവുമായി ഉണ്ടായിരുന്ന ശക്തമായ ബന്ധത്തിലാണ് വിള്ളൽ വീണത്.

'അവർ കൂടെ നിൽക്കാൻ തയ്യാറായില്ല, ഇത് ഞാനും അവരുമായുണ്ടായിരുന്ന ബന്ധത്തെ ചെറുതായൊന്ന് വഷളാക്കി. പക്ഷേ അവരെ എനിക്ക് ഇഷ്ടമാണ്. യഥാർത്ഥത്തിൽ അവർ നല്ലൊരു വ്യക്തിയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. പക്ഷേ അവർ തെറ്റ് ചെയ്‌തെന്ന് ഞാൻ കരുതുന്നു', ട്രംപ് മാധ്യമപ്രവർത്തകർക്ക് മറുപടി നൽകി. ഒപ്പം ഇറാനെതിരെ തങ്ങളെ സഹായിക്കണമെന്ന ആവശ്യം അവർ നിരാകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിൽ നിന്നുള്ള സഖ്യകക്ഷികൾ തങ്ങളെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. 2025ലെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു മെലോണി. കുടിയേറ്റം, ദേശീയ പരമാധികാരം, സുരക്ഷ എന്നീ വിഷയങ്ങളിൽ ഇരുവരുടെയും നിലപാടുകളും സമാനതകളുള്ളതായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റവും മികച്ച സഖ്യകക്ഷി ബന്ധമുണ്ടാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

എന്നാൽ ഇറാൻ സംഘർഷത്തിൽ പോപ്പ് ലിയോയുടെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പോപ്പിനെ പിന്തുണച്ച് മെലോണിയും പരസ്യ പ്രതികരണം നടത്തി. പിന്നാലെയാണ് ഇരുനോതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൽ പോറലുണ്ടായത്. ഈ സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിലും യുഎസിനെ പിന്തുണയ്ക്കാൻ മെലോണി തയ്യാറായിരുന്നില്ല. മാത്രമല്ല പശ്ചിമേഷ്യയിലേക്കുള്ള യാത്രക്കിടയിൽ യുഎസ് സൈനിക വിമാനത്തിന് തങ്ങളുടെ വിമാനത്താവളത്തിൽ പ്രവേശിക്കാനുള്ള അനുമതിയും ഇറ്റലി നൽകിയിരുന്നില്ല.

Content Highlights: Donald Trump said he likes Italian Prime Minister Giorgia Meloni but stated that she made a mistake regarding her stance on Iran. His remarks highlighted a disagreement over the Iran issue while addressing international political and foreign policy matters

To advertise here,contact us