ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് കമ്പനിയിലും കൂട്ടപ്പിരിച്ചുവിടല്‍. 4800 പേരെയാണ് കമ്പനി പുറത്താക്കിയത്. 1600 പേര്‍ക്ക് കൂടി ജോലി നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗെയിമിങ് വിഭാഗമായ എക്സ് ബോക്സിലാണ് പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ധിച്ചെന്നും കമ്പനിക്ക് വളര്‍ച്ചയില്ലെന്നുമാണ് പിരിച്ചുവിടലിന് മൈക്രോ സോഫ്റ്റ് നല്കുന്ന വിശദീകരണം.
തിങ്കളാഴ്ചയാണ് പിരിച്ചുവിടുന്നതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ 2.1 ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഓഹരികളില്‍ 1.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. എഐ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് നിലവിലെ പിരിച്ചുവിടലെന്നും വിവരമുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനും മൈക്രോസോഫ്റ്റ് നിലനിര്‍ത്തുന്നതിനും കമ്പനി മുന്‍ഗണന നല്‍കുന്നതായാണ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ആമി കോള്മാന് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നത്. സാങ്കേതികവിദ്യ നിര്‍മ്മിക്കപ്പെടുന്നതും വിന്യസിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതുമായ രീതി, എന്നത്തേക്കാളും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അവരുടെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എക്സ് ബോക്സ് വിഭാഗത്തില്‍ നിന്ന് 3200 പേരെ ഒഴിവാക്കുമെന്നും ഇവരില്‍ 1600 പേരാണ് നിലവിലെ പട്ടികയില്‍ ഉള്ളതെന്നും എക്സ് ബോക്സ് സിഇഒ ആഷ ശര്‍മ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ബാക്കി 1600 പേര്‍ക്ക് 2017 സാമ്പത്തിക വര്‍ഷത്തോട് കൂടി ജോലി നഷ്ടമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
Content Highlights: Microsoft has announced another round of layoffs, cutting 4,800 jobs as part of its ongoing organizational restructuring and cost-optimization efforts.