പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നു?, ഇറാനുമായുള്ള കരാറിലെ ചർച്ചയിൽ പുരോഗതിയെന്ന് ട്രംപ്, ഹോർമൂസ് അടക്കം ചർച്ചയായി

കരാറില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതും ഉള്‍പ്പെടുമെന്ന് ട്രംപ്

തെഹ്‌റാന്‍: ഇറാനുമായുള്ള കരാർ സംബന്ധിച്ച് വലിയ ചർച്ച നടന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിന്റെ വിവരം പെട്ടെന്ന് തന്നെ അറിയിക്കുമെന്നും ട്രംപ് പറഞ്ഞു. കരാറില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതും ഉള്‍പ്പെടുമെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ വ്യക്തമാക്കി.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ സമാധാനം സംബന്ധിച്ച ധാരണാപത്രവുമായി ബന്ധപ്പെട്ട് വളരെ നല്ല ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ താന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായെന്നും ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്നും ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.

ആറ് ആഴ്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം സമാധാന ശ്രമങ്ങളും സൈനിക ഭീഷണികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നത്. കരാര്‍ നടപ്പായാല്‍ അടുത്ത 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും സ്ഥിരമായ സമാധാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം നടത്തുകയും വലിയ സംഘര്‍ഷത്തിലേക്ക് അത് നയിക്കുകയും ചെയ്തു. ഇറാനുമായി മൂന്ന് മാസമായി നടക്കുന്ന യുദ്ധം പശ്ചിമേഷ്യയെ ആകെ ഉലയ്ക്കുകയായിരുന്നു.

അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള നിലപാടുകള്‍ ഒത്തുച്ചേരുന്നതായി ഇറാനിയന്‍ വിദേശകാര്യ വക്താവ് ഇസ്‌മെയില്‍ ബഖായ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ കരാറെയെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അമേരിക്കയുടെ വൈരുദ്ധ്യമായ പ്രസ്താവനകളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആണവ സമ്പുഷ്ടീകരണം നിലവിലെ ചര്‍ച്ചകളില്‍ ഇല്ലെന്നാണ് ഇറാന്‍ സൈന്യം പറയുന്നത്.

Content Highlights: US president Donald Trump says agreement with Iran largely negotiated

To advertise here,contact us