വാഷിങ്ടൺ: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ സിവില്‍, ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ച് അമേരിക്ക. ഗൗതം അദാനിക്കും അനന്തരവന് സാഗര്‍ അദാനിക്കുമെതിരായ എല്ലാ ക്രമിനല്‍ കുറ്റപത്രങ്ങളും യുഎസ് നീതിന്യായ വകുപ്പ് പൂര്‍ണമായും ഒഴിവാക്കി. ന്യൂയോര്‍ക്ക് കോടതിയിലുണ്ടായിരുന്ന തട്ടിപ്പുകേസുകളാണ് റദ്ദാക്കിയത്. കുറ്റാരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കേസുകള്‍ റദ്ദാക്കിയത്. ഇതോടെ അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിലുണ്ടായിരുന്ന എല്ലാ നിയമനടപടികളും പൂര്‍ണ്ണമായും അവസാനിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്. ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചെന്ന സിവില്‍ കേസുകള്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് കഴിഞ്ഞയാഴ്ച്ച ഒത്തുതീര്‍പ്പാക്കിയിരുന്നു. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി ആറ് മില്യണ്‍ ഡോളറും സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും പിഴയൊടുക്കാന്‍ സമ്മതിച്ചതോടെയായിരുന്നു കേസ് ഒത്തുതീര്‍പ്പാക്കിയത്. യുഎസ് ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിന് അസെറ്റ്സ് കണ്ട്രോളിന്റെ ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും ഒത്തുതീര്‍പ്പായിരുന്നു.
Content Highlights: US Justice Department drops Civil, criminal charges against Adani