വാഷിംങ്ടൺ: ആക്രമണം നടത്തുകയും പരമോന്നത നേതാവിനെയടക്കം വധിക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്റിനെ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കിയ ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയെ പരിഹസിച്ച് ഡോണൾഡ് ട്രംപ്. ഭീഷണികളെ വെല്ലുവിളിയോടെ നേരിടുമെന്ന് പറഞ്ഞ ട്രംപ്, അലി ലാരിജാനിയെ അറിയില്ലെന്നും ആരാണ് അയാളെന്നും ചോദിച്ചു.
അയാൾ എന്താണ് പറയുന്നതെന്ന് എന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും തനിക്കൊരു ധാരണയില്ല. ആരാണ് അയാൾ, അയാൾ പറഞ്ഞതിനൊന്നും ഒരു വിലയും താൻ കൽപിക്കുന്നില്ല. അലി ലാരിജാനി ഇതിനോടകം തന്നെ പരാജയപ്പെട്ടവനാണെന്നും ട്രംപ് സിബിസി ന്യൂസിനോട് പ്രതികരിച്ചു. നിരുപാധികമായി കീഴടങ്ങാതെ ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കില്ല. അതുവരെ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ച ട്രംപിനെ വെറുതെ വിടില്ലെന്നും അദ്ദേഹം വലിയ വില നൽകേണ്ടി വരുമെന്നും അലി ലാരിജാനി ഭീഷണി മുഴക്കിയിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെയും ആയിരക്കണക്കിന് ജനങ്ങളെയുമാണ് യുഎസ് വധിച്ചത്. അത് ചെറിയ വിഷയമല്ല. ട്രംപിനെ വെറുതെ വിടില്ല. ഇതിനെല്ലാമുള്ളത് അയാൾ അനുഭവിക്കേണ്ടിവരും എന്നായിരുന്നു ലാരിജാനിയുടെ പ്രതികരണം. ഇതിനെതിരെയാണ് ട്രംപിന്റെ പരിഹാസം.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരായ ആക്രമണം തുടരുമ്പോൾ രാജ്യത്തെ സുരക്ഷാ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ടയാളാണ് അലി ലാരിജാനി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ 76 കാരനായ അലി, രാജ്യത്തിന്റെ മുഖമായി പ്രതികരണങ്ങൾ നടത്താറുണ്ട്. ഖമനയിയുടെ വധത്തിന് പിന്നാലെ രാജ്യത്തിന്റെ നിർണായക നീക്കങ്ങൾക്ക് വഴികാട്ടുന്നതിലും അതേ കുറിച്ച് പ്രതികരിക്കുന്നതിലും അലി ലാരിജാനി നിർണായക പങ്കാണ് വഹിക്കുന്നത്.
Content Highlights: US President Donald Trump dismissed threats from Iranian security official Ali Larijani, saying he does not know who he is and is unconcerned about the warning.