കേപ് വേർഡേ ഇന്നലെ ഉറങ്ങിയിട്ടില്ല. രാജ്യത്തിന്റെ പതാകയേന്തിയ മനുഷ്യർ തെരുവുകൾ വലംവക്കുന്നു. തലസ്ഥാന നഗരിയിൽ ഒരു കാർണിവലിന് സമാനമായ അന്തരീക്ഷം. നാടും നഗരവും ഇപ്പോഴും ആഘോഷത്തിമിർപ്പിലാണ്.
ചരിത്രത്തിലാദ്യമായി ആ ഇത്തിരി കുഞ്ഞൻ രാജ്യം ഫുട്ബോളിന്റെ വിശ്വവേദിയിൽ പന്തു തട്ടാനൊരുങ്ങുകയാണ്. മധ്യ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് സമൂഹം. 4033 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയിൽ വ്യാപിച്ച് കിടക്കുന്ന പത്ത് വോൾകാനിക് ഐലന്റ്സ്. ഐസ്ലൻറിന് ശേഷം ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമാണ് കേപ് വെർഡെ. 52 ലക്ഷമാണ് ആകെ ജനസംഖ്യ. അതായത് ഒരു കോടി മനുഷ്യർ പോലും തികച്ചാ രാജ്യത്തില്ലെന്ന്. എന്നിട്ടും അവർക്ക് 11 കളിക്കാരെ ലോകകപ്പിന് പറഞ്ഞയക്കാനാവുന്നു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കരുത്തരായ കാമറൂണടങ്ങിയ ഗ്രൂപ്പ് ഡിയിലായിരുന്നു കേപ് വെർഡെയുടെ സ്ഥാനം. ഈ ക്യാമ്പയിൻ ആരംഭിക്കും മുമ്പ് ഫുട്ബോൾ ലോകത്തൊരാളും അവർക്ക് ഒരു ചെറിയ സാധ്യത പോലും കൽപ്പിച്ചിരുന്നില്ല. എന്നാൽ കളി തുടങ്ങി. കഥമാറി. കളിച്ച പത്ത് മത്സരങ്ങളിൽ ഏഴിലും ജയം. രണ്ട് സമനില. ഒരു തോൽവി. ഒടുവിൽ 23 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് ലോകകപ്പിന് ടിക്കറ്റെടുക്കുന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള കാമറൂണിന് 19 പോയിൻറാണുള്ളത്. കേപ് വേർഡേയുമായി നാല് പോയിൻറ് വ്യത്യാസം. യോഗ്യതാ റൌണ്ടിൽ കാമറൂണിനെയും കേപ് വെർഡെ തോൽപ്പിച്ചിരുന്നു.
പോർച്ചുഗലിൻറെ കോളനി രാജ്യമായിരുന്ന കേപ് വെർഡെേക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1975 ലാണ്. സാതന്ത്ര്യത്തിൻറെ 50ാം വാർഷികത്തിൽ ഇത് പോലൊരു നേട്ടം ഇരട്ടി മധുരമാണെന്നാണ് കഴിഞ്ഞ ദിവസം കോച്ച് പെഡ്രോ ബ്രിറ്റോ പ്രതികരിച്ചത്. ഇത് കേപ് വേർഡേയിലെ മുഴുവൻ മനുഷ്യരുടേയും വിജയമാണ്. അതിനും മുകളിൽ രാജ്യത്തിൻറെ സ്വാതന്ത്യത്തിനായി പൊരുതിയ ധീരന്മാരുടെ കൂടെ വിജയമാണിത്. ബ്രിറ്റോ പറഞ്ഞു. ബുബിസ്റ്റ എന്ന പേരിലാണ് കേപ് വെർഡെയിലെ മനുഷ്യർക്കിടയിൽ ബ്രിറ്റോ അറിയപ്പെടുന്നത്. രാജ്യത്തെ അതിൻറെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് പിന്നിൽ ചരടുവലിച്ചതയാളാണ്.
2013 ലാണ് കേപ് വേർഡെ ആഫ്രിക്കൻ നാഷൻസ് കപ്പിന് ആദ്യമായി ടിക്കറ്റെടുക്കുന്നത്. അരങ്ങേറ്റത്തിൽ തന്നെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് സകലരേയും ഞെട്ടിച്ചു. പത്ത് വർഷങ്ങൾക്കിപ്പുറം 2023 ലും ടീം വൻകരപ്പോരിൽ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. 2020 ലാണ് പെഡ്രോ ബ്രിറ്റോ ടീമിൻറെ പരിശീലക ചുമതലയേറ്റെടുക്കുന്നത്. 55 കാരനായ ബ്രിറ്റോ രാജ്യത്തെ മുൻ താരമാണ്. ടീമിനെ അയാൾ ഈ വർഷം അവസാനം മൊറോക്കോയിൽ അരങ്ങേറുന്ന ആഫ്രിക്കൻ നാഷൻസ് കപ്പിന് ടീമിന് യോഗ്യത ലഭിച്ചിട്ടില്ല. എന്നാൽ ടീം മാനേജ്മെൻറ് ബ്രിറ്റോയിൽ പ്രതീക്ഷ കൈവിട്ടില്ല. ആ പ്രതീക്ഷ അയാൾ കാത്തത് ടീമിന് വിശ്വവേദിയിലേക്ക് ടിക്കറ്റെടുത്ത് നൽകിയാണ്.
defensive structure, tactical organization, and quick transitions. ബ്രിറ്റോയുടെ വിജയ മന്ത്രം അതായിരുന്നു. മൈതാനത്ത് അയാളത് മനോഹരമായി നടപ്പിലാക്കി. ലോക ഫുട്ബോളിലെ വമ്പൻ പേരുകളൊന്നും കേപ് വർഡേ സംഘത്തിലുണ്ടായിരുന്നില്ല. രാജ്യത്ത് നിന്ന് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കളിക്കുന്ന ഒരേ ഒരു താരം 24 കാരൻ സെൻറർ ബാക്ക് ലോഗൻ കോസ്റ്റയാണ്. സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന് വേണ്ടിയാണ് കോസ്റ്റ ബൂട്ടുകെട്ടുന്നത്. പോർച്ചുഗീസ് ക്ലബ്ബായ കസാ പിയക്ക് വേണ്ടി കളിക്കുന്ന ഡാലിയോൺ ലിവ്രമെൻറോയെ പോലെ മറ്റു ചില താരങ്ങളും ടീമിലെ സുപ്രധാനികളാണ്.
ലോകകപ്പിൽ ടീമുകളുടെ 48 ആക്കി ഉയർത്തിയതോടെ വലിയ അവസരങ്ങളാണ് ഫിഫ രാജ്യങ്ങൾക്ക് മുന്നിൽ തുറന്നിട്ടത്. ഉസ്ബെകിസ്ഥാൻ,ജോർദാൻ തുടങ്ങി വിശ്വവേദിയിൽ ആദ്യമായി പന്തുതട്ടാനെത്തുന്ന ടീമുകളുടെ എണ്ണം ഇതിനോടകം മൂന്നായി. 2018 റഷ്യൻ ലോകകപ്പിലാണ് കേപ്വേർഡെയെക്കാൾ കുഞ്ഞന്മാരായ ഐസ്ലൻറ് ലോകകപ്പിന് ടിക്കറ്റെടുക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അന്ന് അവർ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജൻറീനയെ സമനിലയിൽ തളച്ച് ആരാധകരെ ഞെട്ടിച്ചു.
മൂന്നരക്കോടിയാണ് ഉസ്ബെകിസ്താനിലെ ജനസംഖ്യ. ഏതാണ്ട് കേരളത്തിൻറെ ജനസംഖ്യയോളം വരുമത്. ജോർദാൻറെ ജനസംഖ്യയാവട്ടെ ഒന്നരക്കോടിയും. കേപ് വെർഡെയിൽ ഒരു കോടി മനുഷ്യർ പോലുമില്ലെന്നോർക്കണം. എന്നിട്ടുമവർക്ക് വിശ്വവേദിയിലേക്ക് ഒരു സംഘത്തെ അയക്കാനാവുന്നു. 145 കോടി മനുഷ്യർ ജീവിക്കുന്ന ഇന്ത്യയിൽ നിന്ന് നമ്മളെന്നാണാ 11 പേരെ കണ്ടെത്തുക. ഫുട്ബോളിൻറെ വിശ്വവേദിയിൽ രാജ്യത്തിൻറെ പതാക പാറുന്നത് എത്രകാലം ഇങ്ങനെ സ്വപ്നമായി തുടരും… കണ്ണു തുറക്കേണ്ടവർ തുറക്കട്ടേ..
Content Highlights: Cape Verde qualify for 2026 FIFA World Cup