കഴിഞ്ഞ വർഷം ജൂലൈയിലാണ് മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരമായ സൈന നെഹ്വാൾ ആർത്താവുമായി വേർപിരിഞ്ഞെന്ന വാർത്ത പുറത്ത് വരുന്നത്. അതിന് പിന്നാലെ ഇത് ചർച്ചയായിരുന്നു. ഭർത്താവ് പി കശ്യപുമായുള്ള ഏഴ് വർഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി ആയിരുന്നു ആ വാർത്ത. എന്നാൽ, ആഴ്ച്ചകൾക്കിപ്പുറം താരം ഭർത്താവുമായി വീണ്ടും ഒന്നിക്കുന്നു എന്നതിന്റെ സൂചകളും പുറത്തുവന്നിരുന്നു. ഇപ്പോൾ താരം തന്നെ ആ സൂചനകളെല്ലാം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
വിവാഹം ഒരു രേഖ മാത്രമല്ലെന്ന് പറഞ്ഞ തുടങ്ങിയ സൈന, പരസ്പരമുള്ള മനസിലാക്കലും ക്ഷമയുമാണ് ബന്ധങ്ങളിൽ വേണ്ടതെന്നും കൂട്ടിച്ചേർത്തു. 'ഞങ്ങളുടെ ഈ യാത്രയിൽ ആശയവിനിമയവും ക്ഷമയും വളരെ പ്രധാനമാണെന്ന് പഠിച്ചു. ബന്ധങ്ങൾ എന്നാൽ വാദങ്ങൾ ജയിക്കലല്ല മറിച്ച് പങ്കാളിത്തത്തിന്റെയും വളർച്ചയുടെയും കാര്യമാണെന്ന് മനസിലാക്കി. ഇന്ന് ഞങ്ങൾ രണ്ടുപേരും പരസ്പരം ഞങ്ങളുടെ യാത്രകളെ പിന്തുണയ്ക്കാനും അനുഭവങ്ങളിൽ നിന്ന് പഠിക്കാനും ശ്രമിക്കുന്നു'; എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സൈന തുറന്നുപറഞ്ഞു. ഒന്നിച്ച് ജീവിക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അവിടെ പരസ്പര ബഹുമാനവും, മനസിലാക്കലും, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയുമാണ് വേണ്ടതെന്നും ഒരു ബന്ധം വിജയിക്കാൻ വിശ്വാസവും പരസ്പര ബഹുമാനവും ആശയവിനിമയവുമാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.
ബന്ധങ്ങൾക്കിടയിൽ ഈഗോ ഒരു തടസമായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ സൈന, ഒരു ബന്ധത്തിൽ പരസ്പരം സ്വപ്നങ്ങൾക്ക് പിന്തുണ നൽകുക എന്നത് ഏറെ പ്രധാനമാണെന്നും ഓർമ്മിപ്പിച്ചു. 'പ്രതികരിക്കുന്നതിന് പകരം മനസ്സിലാക്കുന്നതിൽ ശ്രദ്ധ കൊടുത്താൽ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. മാതൃത്വം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. സ്ത്രീകൾക്ക് കരിയറും സ്വപ്നങ്ങളുമുണ്ട്, ആ തിരഞ്ഞെടുപ്പുകളെ ബഹുമാനിക്കണം'; സൈന വ്യക്തമാക്കി. പെൺകുട്ടികൾക്ക് തുല്യ പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും സ്മോഊഹത്തിൽ നിന്നുള്ള വിശ്വാസവും ആവശ്യമെന്ന് പറഞ്ഞ താരം കായിക രംഗത്ത് ഇപ്പോഴും ലിംഗപരമായ അസമത്വം നിലനിൽക്കുന്നുണ്ടെന്ന് തുറന്നടിച്ചു.
2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരാകുന്നത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2012 ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സൈന നെഹ്വാൾ 2010, 2018 എന്നി വർഷങ്ങളിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും നേടിയിട്ടുണ്ട്. 2026 ജനുവരിയിൽ ആയിരുന്നു താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒളിംപിക്സിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി ആദരിച്ചു. 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും കരസ്ഥമാക്കിയിട്ടുണ്ട്.
Content highlight: Saina Nehwal on why she separated and then reconciled with her husband P Kashyap