തങ്ങളേക്കാള്‍ എത്രയോ മുന്നിലുള്ള ബ്രസീലിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും, ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ 'സംഘടിത' പ്രതിരോധ ശൈലിയെയും പ്രത്യാക്രമണങ്ങളെയും ബ്രസീല്‍ പരിശീലകന് കര്ലോ ആഞ്ചലോട്ടി പ്രശംസിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ അന്താരാഷ്ട്ര മത്സരത്തില്‍ അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ 4-0 ന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
തോറ്റെങ്കിലും ആദ്യ അരമണിക്കൂറില്‍ ഇന്ത്യന്‍ ടീം കാഴ്ചവെച്ച പ്രതിരോധ വീര്യവും ആക്രമിച്ചു കളിക്കാന്‍ കാണിച്ച മനസ്സാന്നിധ്യവും കാണികളുടെയും എതിര് ടീമിന്റെയും കൈയടി നേടി. 28-ാം മിനിറ്റില്‍ എസ്തേവാവോയിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടുന്നത് വരെ പോരാട്ടം കടുപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. മത്സരശേഷം സംസാരിച്ച കര്ലോ ആഞ്ചലോട്ടി, ഇന്ത്യന്‍ ടീമിന്റെ കളിയെയും അവര്‍ കാത്തുസൂക്ഷിച്ച അച്ചടക്കത്തെയും അഭിനന്ദിച്ചു: 'ഇന്ത്യ മികച്ച രീതിയിലാണ് കളിച്ചത്. അവര്‍ തങ്ങളുടെ ശൈലിയില്‍ കളി നിയന്ത്രിക്കാന്‍ ശ്രമിച്ചു; അവര്‍ നന്നായി പ്രതിരോധിച്ചു, വളരെ സംഘടിതരായിരുന്നു, ഒപ്പം പ്രത്യാക്രമണങ്ങള്‍ നടത്താനും ശ്രമിച്ചു. അവര്‍ നല്ലൊരു കളിയാണ് കാഴ്ചവെച്ചത്. ആദ്യ ഗോള്‍ നേടാന്‍ ഞങ്ങള്‍ ഒരല്പം ബുദ്ധിമുട്ടി, എന്നാല്‍ ആദ്യ ഗോള്‍ നേടിയ നിമിഷം മുതല്‍ മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു' -ആഞ്ചലോട്ടി പറഞ്ഞു.
മത്സരം ടീമിന് നല്ലൊരു അനുഭവമായിരുന്നുവെന്ന് വ്യക്തമാക്കിയ ബ്രസീലിയന്‍ പരിശീലകന് കൊല്‍ക്കത്തയിലെ കാണികള്‍ക്ക് പ്രത്യേക നന്ദിയും അറിയിച്ചു: 'ഇതൊരു നല്ല അനുഭവമായിരുന്നു. കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കാന് ഈ മത്സരം സഹായിച്ചു. മികച്ച തീവ്രതയുള്ളതും കാണികള്‍ക്ക് ആസ്വദിക്കാന്‍ സാധിച്ചതുമായ ഒരു മത്സരമായിരുന്നു ഇത്' -അദ്ദേഹം പറഞ്ഞു. 'ഇന്ത്യയില്‍ എത്തിയതില്‍ വളരെ സന്തോഷമുണ്ട്. ബ്രസീലിനെയും ഫുട്ബോളിനെയും സ്നേഹിക്കുന്ന ഇവിടെയുള്ള എല്ലാവര്‍ക്കുമായി മികച്ച കളി പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കാണികള്‍ ഈ മത്സരം പൂര്‍ണ്ണമായി ആസ്വദിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: 'Indian Football Team Made It Tough for Us' - Brazil Head Coach Carlo Ancelotti