ലമീന്‍ യമാലിന്റെയും പെഡ്രോ പോറോയുടെയും പരിശീലനം സ്വകാര്യം

സ്‌പെയിന്‍-അര്‍ജന്റീന കലാശപ്പോരിന് കാത്തിരിക്കുകയാണ് ലോകം

ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന സ്‌പെയിന്‍ ക്യാമ്പില്‍ പക്ഷെ ആശങ്കയാണ്. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന ടീമിന്റെ പ്രധാന പരിശീലന സെഷനില്‍ സ്പാനിഷ് താരങ്ങളായ ലമീന്‍ യമാലും പെഡ്രോ പോറോയും മറ്റ് കളിക്കാര്‍ക്കൊപ്പം ചേരാതെ തനിച്ചാണ് പരിശീലനം നടത്തിയത്.

സെമിഫൈനലില്‍ ഫ്രാന്‍സിനെതിരായ തകര്‍പ്പന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇരുതാരങ്ങളും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് തനിച്ച് പരിശീലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ സ്‌പെയിന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത യമാലും, ടീമിന്റെ രണ്ടാം ഗോള്‍ നേടിയ പെഡ്രോ പോറോയും ഫൈനലിന് മുന്‍പ് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ക്യാമ്പ്.

സ്വകാര്യ പരിശീലനം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ മാത്രമല്ല, തന്ത്രങ്ങള്‍ മെനയാനുള്ളതുകൂടിയാണ്. സ്പാനിഷ് സംഘം കിരീട പ്രതീക്ഷയോടെയാണ് ഇക്കുറി ഫൈനലിന് കളിക്കാനിറങ്ങുന്നത്. 2010-ലെ കിരീടനേട്ടത്തിന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച സ്‌പെയിന്‍, കരുത്തരായ അര്‍ജന്റീനയെ നേരിടാന്‍ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെത്തന്നെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ ഈ രണ്ട് പ്രധാന കളിക്കാരുടെയും ഫിറ്റ്‌നസ് സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയ്ക്ക് ഏറെ നിര്‍ണായകമാണ്.

ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ ഫൈനല്‍ പോരാട്ടം. സ്‌പെയിന്‍ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിടുമ്പോള്‍, ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്താനാണ് അര്‍ജന്റീന ഇറങ്ങുന്നത്.

content highlights: Lamine Yamal and Pedro Porro train separately; Spain manages workload ahead of final

To advertise here,contact us