ഇംഗ്ലണ്ട് 'അധിനിവേശ കടല്‍ക്കൊള്ളക്കാര്‍'; ലോകകപ്പിന് മുമ്പ് രാഷ്ട്രീയപ്പോര്

ഇംഗ്ലണ്ട് കടല്‍ക്കൊള്ളക്കാരാണെന്ന് അര്‍ജന്റീനന്‍ വൈസ് പ്രസിഡന്റ് വിക്ടോറിയ വിയ്യാറൂവല്‍

ഇംഗ്ലണ്ടിനെതിരെയുള്ള അര്‍ജന്റീനയുടെ ലോകകപ്പ് സെമി ഫൈനലിന് മുമ്പ് രാഷ്ട്രീയപ്പോര്. ഈ മത്സരം വെറുമൊരു ഫുട്‌ബോള്‍ കളി മാത്രമല്ലെന്ന് അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് വിക്ടോറിയ വില്ലാറൂവല്‍ പറഞ്ഞു. ഫാക്ക്ലാന്‍ഡ് ദ്വീപ് (മാല്‍വിനാസ്) തര്‍ക്കത്തെയും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസങ്ങളെയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. ഇംഗ്ലണ്ടിനെ 'അധിനിവേശ കടല്‍ക്കൊള്ളക്കാര്‍' എന്ന് വിശേഷിപ്പിച്ച വിക്ടോറിയ വില്ലാറൂവല്‍, ഈ മത്സരം 'മാല്‍വിനാസിനും ഡീഗോയ്ക്കും ലിയോയുടെ അവസാന ലോകകപ്പിനും വേണ്ടിയുള്ളതാണെന്നും അധിനിവേശക്കാരെ തടഞ്ഞുനിര്‍ത്താനുള്ളതാണെന്നും' പറഞ്ഞു.

1982-ല്‍ തര്‍ക്ക പ്രദേശത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തിന് ശേഷവും, ഫാക്ക്ലാന്‍ഡ് ദ്വീപിനെച്ചൊല്ലി അര്‍ജന്റീനയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിറ്റാണ്ടുകളായി തുടരുകയാണ്. അര്‍ജന്റീനയില്‍ ഫാക്ക്ലാന്‍ഡ് ദ്വീപുകള്‍ 'ലാസ് മാല്‍വിനാസ്' എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ 2013-ല്‍ നടന്ന റഫറണ്ടത്തില്‍ ഇവിടുത്തെ ഭൂരിഭാഗം താമസക്കാരും ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയായി തുടരാനാണ് വോട്ട് ചെയ്തത്. 'നമ്മള്‍ കളിക്കുന്നത് അധിനിവേശം നടത്തിയ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയാണ്. ഇതൊരു സാധാരണ മത്സരമല്ല. ഞാന്‍ രാഷ്ട്രീയ മര്യാദകളോ തണുപ്പന്‍ പ്രതികരണങ്ങളോ കാണിക്കാന്‍ പോകുന്നില്ല. ഇംഗ്ലീഷുകാര്‍ക്കെതിരെ കളിക്കുമ്പോള്‍ അത് എപ്പോഴുംവലിയ പോരാട്ടമാണ്. അത് മാല്‍വിനാസിന് വേണ്ടിയാണ്, ഡീഗോയ്ക്ക് വേണ്ടിയാണ്, ലിയോയുടെ അവസാന ലോകകപ്പിന് വേണ്ടിയാണ്. ഒപ്പം അധിനിവേശക്കാരെ തളയ്ക്കാനുള്ളതുമാണ്. മുന്നോട്ട് അര്‍ജന്റീന! കാരണം നമ്മുടെ അവസാന ശ്വാസം വരെ നമ്മുടേതായവയ്ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തും!' വില്ലാറൂവല്‍ എക്‌സില്‍ കുറിച്ചു.

ഇരു ടീമുകളും തമ്മിലുള്ള കടുത്ത ഫുട്‌ബോള്‍ വൈരത്തിന് നീണ്ട ചരിത്രമുണ്ട്. 1986-ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ വിജയത്തിന് കാരണമായ ഡീഗോ മാറഡോണയുടെ പ്രശസ്തമായ ദൈവത്തിന്റെ കൈ ഗോളും, 1998-ലെ പ്രീ-ക്വാര്‍ട്ടറില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ട് പരാജയപ്പെട്ടതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് അര്‍ധരാത്രി അറ്റ്ലാന്റയില്‍ നടക്കുന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടും. ഇതില്‍ വിജയിക്കുന്നവര്‍ ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെ നേരിടും.

content highlights: England are 'colonial pirates'; Political war of words erupts ahead of World Cup

To advertise here,contact us