ഫുട്ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി വിജയം വരിച്ച ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും പ്രശംസിച്ച് ബ്രസീലിന്റെ മുന്‍ ഇതിഹാസ താരം റിവാള്‍ഡോ. പരമ്പരാഗത ശത്രുതകള്‍ മറന്നാണ് റിവാള്‍ഡോ അര്‍ജന്റീനന്‍ ടീമിന്റെ പോരാട്ടവീര്യത്തെ ഇന്‍സ്റ്റാഗ്രാമിലൂടെ അഭിനന്ദിച്ചത്.
മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 3-2 ന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയത്. ഈ കളി ഫുട്ബോള്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച ഒന്നായിരുന്നുവെന്ന് റിവാള്‍ഡോ കുറിച്ചു. 'എന്തൊരു വീര്യം, എന്തൊരു വിജയതൃഷ്ണ! ഒരു ലോകകപ്പില്‍ ആരാധകര്‍ മൈതാനത്ത് കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ്. ലയണല്‍ മെസ്സിയെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ്. 39-ാം വയസ്സിലും തന്റെ ആറാമത്തെ ലോകകപ്പില്‍ കളിക്കുമ്പോള്‍ അര്‍ജന്റീന ജേഴ്സിയോടുള്ള അതേ അഭിനിവേശം അദ്ദേഹം ഇപ്പോഴും കാണിക്കുന്നു, ആഹ്ലാദിക്കുന്നു, പോരാടുന്നു, കരയുന്നു, വീണ്ടും നിര്ണ്ണായകനാകുന്നു. എന്തൊരു കളിക്കാരന്!' -റിവാള്‍ഡോ കുറിച്ചു.
താനൊരു ബ്രസീല്‍ പൗരനാണെന്നും എപ്പോഴും സ്വന്തം രാജ്യത്തെ പിന്തുണയ്ക്കുമെന്നും പറഞ്ഞ റിവാള്‍ഡോ, എന്നാല്‍ മികച്ചൊരു മത്സരം കാണുമ്പോള്‍ അതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ശത്രുത ഫുട്ബോളിന്റെ ഭാഗമാണ്, എന്നാല്‍ ഇത്തരം മത്സരങ്ങളാണ് ഫുട്ബോളിനെ കൂടുതല്‍ മഹത്തരമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: 'Matches like these are what make football great'; Brazilian icon heaps praise on Messi