ലോകകപ്പ് ഫുട്ബോളിൽ ജർമനിക്ക് അവിശ്വസനീയ ജയം. ഐവറികോസ്റ്റിനെ ഇഞ്ചുറി ടൈമിലെ ഗോളിൽ മറികടന്ന ജർമനി ഗ്രൂപ്പ് ഇയിൽ ഒന്നാമതെത്തി. മുന്നേറ്റ താരം ഡെനിസ് ഉൻഡാവിന്റെ ഇരട്ടഗോളിലായിരുന്നു ജർമൻ വിജയം.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന ജർമനിയെ അറുപത്തിയെട്ടാം മിനുട്ടിൽ ഒപ്പമെത്തിച്ച ഉൻഡാവ്, കളി അവസാനിക്കാൻ 2 മിനുട്ട് ബാക്കി നിൽക്കെയാണ് വിജയഗോളും നേടിയത്. കുറാസോവക്കെതിരായ മത്സരത്തിലും ഒരു ഗോൾ നേടിയ ഉൻഡാവിന്റെ ഗോൾനേട്ടം ഇതോടെ മൂന്നായി. അറുപതാം മിനുട്ടിൽ മുസിയാലയ്ക്ക് പകരക്കാരനായാണ് ഉൻഡാവ് കളിക്കാനിറങ്ങിയത്. മുപ്പതാം മിനുട്ടിൽ ഫ്രാങ്ക് കെസ്സിയാണ് ഐവറി കോസ്റ്റിനെ മുന്നിലെത്തിച്ച് ആദ്യം ഗോൾ നേടിയത്.
ഗ്രൂപ്പിൽ രണ്ട് കളികളിൽ രണ്ട് ജയവുമായി ആറ് പോയന്റുള്ള ജർമനി ഇതോടെ നോക്കൌട്ട് ഉറപ്പിച്ചു. കുറസാവോയെ ഏഴ് ഗോളിന് തോൽപിച്ച ജർമനി ഗോൾ ശരാശരിയിലും ഗ്രൂപ്പി ബഹുദൂരം മുന്നിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനെയാണ് ജർമനിക്ക് നേരിടാനുള്ളത്. നേരത്തേ ഇക്വഡോറിനെ ഒറ്റഗോളിൽ തോൽപിച്ച ഐവറികോസ്റ്റാണ് ഗ്രൂപ്പിൽ രണ്ടാമതുള്ളത്.
ജൂൺ 14 ന് ക്യൂറസാവോയ്ക്കെതിരെ ജർമ്മനി ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് വിജയിച്ചിരുന്നു. ഗ്രൂപ്പ് ഇയിലാണ് ജർമ്മനി ഉൾപ്പെടുന്നത്. ഇന്നത്തെ എതിരാളികളായ ഐവറി കോസ്റ്റിന് പുറമെ കുറസാവോ, ഇക്കഡോർ എന്നിവരാണ് മറ്റ് ടീമുകൾ. 2014 ൽ ആണ് ജർമ്മനി അവസാനമായി വേൾഡ് കപ്പ് ഉയർത്തിയത്. കൂടാതെ 1954 1974 1990 എന്നി വർഷങ്ങളിലും ജർമ്മനി കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്.
Content highlight: Germany vs Ivory Coast World Cup highlights