ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ അഭിമാനമായി മാറിയ റിനോ ആന്റോ ഇനി മുതൽ സർക്കാർ ഉദ്യോഗസ്ഥൻ. തൃശൂർ സ്വദേശിയായ റിനോ കഴിഞ്ഞ ദിവസമാണ് കണ്ണൂർ സബ് രജിസ്ട്രാർ ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്. ജീവിതത്തിൽ താൻ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടെന്ന് താരം തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു.
റിനോ ആന്റോ, എൻപി പ്രദീപ്, അനസ് എടത്തൊടിക എന്നവർക്ക് സർക്കാർ ജോലി നൽകുന്നതിൽ കഴിഞ്ഞ മാർച്ചിൽ നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്. ഇതിൽ എൻപി പ്രദീപ് കഴിഞ്ഞ ആഴ്ച്ച കണ്ണൂർ ജലസേചന വകുപ്പിൽ ജോലിക്കായി പ്രവേശിച്ചിരുന്നു. പിന്നാലെയാണ് റിനോയുടെയും ഈ നിയമനം.
തൃശൂർ ഒല്ലൂക്കര സ്വദേശിയായ റിനോ ആന്റോ 2015 ൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞിരുന്നു. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ബെംഗളൂരു എഫ് സി, ഈസ്റ്റ് ബംഗാൾ എഫ് സി, പഞ്ചാബ് എഫ് സി, മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സ് എഫ് സി എന്നി ക്ലബുകൾക്കായും അദ്ദേഹം ബൂട്ടണിഞ്ഞട്ടുണ്ട്.
Content highlight: Indian footballer Rino Anto joins Kerala Government service