പാനമ കീഴടക്കി ബ്രസീല്‍; ലോകകപ്പിനിതാ ബ്രസീല്‍ റെഡി

രണ്ടിനെതിരെ ആറുഗോളിനാണ് പാനമയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ബ്രസീലിന്റെ ജയം

വിനീഷ്യസ് ജൂനിയര്‍, കാസെമിറോ, റയാന്‍, ലൂകാസ് പക്വേറ്റ, ഇഗോര്‍ തിയാഗോ, ഡാനിലോ… ബ്രസീലിന്റെ സ്‌ക്വാഡിനെ പരിചയപ്പെടുത്തിയതല്ല ഇത്. പാനമയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ ഗോളടിച്ച താരങ്ങളാണ് ഇത്. കളി തുടങ്ങി ഒന്നാം മിനിറ്റിലാരംഭിച്ച ഗോള്‍വേട്ട അവസാനിച്ചത് 80-ാം മിനിറ്റിലാണ്. വിനീഷ്യസ് ജൂനിയറാണ് ആദ്യമിനിറ്റില്‍ത്തന്നെ ഗോളടിച്ച് പാനമയെ ഞെട്ടിച്ചത്. 38-ാം മിനിറ്റില്‍ കാസെമിറോയും 52-ാം മിനിറ്റില്‍ റയാനും 59-ാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റയും 62-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഇഗോര്‍ തിയാഗോയും 80-ാം മിനിറ്റില്‍ ഡിനിലോയും സ്‌കോര്‍ ചെയ്തു. 13-ാം മിനിറ്റില്‍ മാത്യുസ് കുന്യ വഴങ്ങിയ ഗോളും 83-ാം മിനിറ്റില്‍ കാര്‍ലോസ് ഹാര്‍വി നേടിയ ഗോളും പാനമയ്ക്ക് ആശ്വാസമായി.

താരങ്ങളെയെല്ലാം ഗ്രൗണ്ടിലിറക്കി പരിക്ഷിക്കലായിരുന്നു ഇരുടീമുകളുടെയും പ്രധാന ജോലി. അലിസണ്‍ ബെക്കറും ബ്രുണോ ഗുയ്‌മെറസും റഫീന്യയുമെല്ലാം കളിക്കാനിറങ്ങിയിരുന്നു. പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്ന ഫാബിന്യോയും എന്‍ഡ്രിക്കും എഡേഴ്‌സണും ഉള്‍പ്പെടയുള്ളവരും മൈതാനത്തിറങ്ങി. സൂപ്പര്‍ താരം നെയ്മറിനെ സന്നാഹ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല.

ജൂണ്‍ ഏഴിന് ഈജിപ്തിനെതിരെയും ബ്രസീല്‍ സന്നാഹ മത്സരം കളിക്കും. ലോകകപ്പിന് മുമ്പുള്ള മികച്ച ജയം ടീമിന് ഊര്‍ജ്ജമേകും. അമേരിക്കന്‍ ലോകകപ്പിന് ഗ്രൂപ്പ് സി-യിലാണ് ബ്രസീല്‍. മൊറോക്കോ, ഹെയ്തി, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് എതിരാളികള്‍. സന്നാഹ മത്സരത്തില്‍ പാനമ ജൂണ്‍ നാലിന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെയും പിന്നീട് ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയെയും നേരിടും.

ലോകകപ്പിനൊരുങ്ങുന്ന പാനമയ്ക്ക് ആശ്വാസമേകാന്‍ ജയം അനിവാര്യമാണ്. ഗ്രൂപ്പ് എലില്‍ ഘാന, ക്രൊയേഷ്യ, ഇംഗ്ലണ്ട് ടീമുകളാണ് പാനമയുടെ എതിരാളികള്‍. ശക്തരായ ടീമുകളുള്ള ഗ്രൂപ്പില്‍നിന്ന് അട്ടിമറിയോടെ മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം.

content highlights: Brazil conquers Panama; Brazil is now ready for the World Cup

To advertise here,contact us