ഗോകുലമോ കാലിക്കറ്റോ?; KPL ഇന്ന് കലാശ പോര്

മൂന്ന് മാസം നീണ്ടുനിന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ കേരള പ്രീമിയർ ലീഗിന്റെ (KPL 2025-26) 13-ാം പതിപ്പ് അതിന്റെ സുവർണ്ണ അധ്യായത്തിലേക്ക് കടക്കുന്നു.

മൂന്ന് മാസം നീണ്ടുനിന്ന ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ കേരള പ്രീമിയർ ലീഗിന്റെ (KPL 2025-26) 13-ാം പതിപ്പ് അതിന്റെ സുവർണ്ണ അധ്യായത്തിലേക്ക് കടക്കുന്നു. മെയ് 31 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാപോരാട്ടത്തിൽ നിലവിലെ വമ്പന്മാരായ ഗോകുലം കേരള എഫ്.സിയും, ലീഗിലെ കന്നി സീസണിൽ തന്നെ ചരിത്ര മുന്നേറ്റം നടത്തിയ കാലിക്കറ്റ് എഫ്.സിയും കിരീടത്തിനായി നേർക്കുനേർ വരും.

2026 മാർച്ച് 8-ന് കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചായിരു

ന്നു ഈ സീസണിലെ ഉദ്ഘാടന മത്സരം. അന്ന് ഗോകുലം കേരളയും കാലിക്കറ്റ് എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ ഒരു ഗോളിന്റെ വിജയം വരിച്ച് കാലിക്കറ്റ് എഫ്.സി ലീഗിൽ തങ്ങളുടെ വരവറിയിച്ചിരുന്നു. മാസങ്ങൾക്കിപ്പുറം, ലീഗിന്റെ കലാശപ്പോരാട്ടത്തിലും ഇതേ ടീമുകൾ വീണ്ടും നേർക്കുനേർ വരുമ്പോൾ കളി കൂടുതൽ പ്രവചനാതീതമാകും.

ഇക്കുറി കെ.പി.എല്ലിന്റെ ഘടന കളി മികവ് തെളിയിക്കുന്നതായിരുന്നു. 7 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിലാണ് സൂപ്പർ 8 ചിത്രം തെളിഞ്ഞത്.

14 ടീമുകളിലായി 400-ലധികം കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തിയ 4 ടീമുകൾ വീതം 'സൂപ്പർ 8' റൗണ്ടിലേക്ക് യോഗ്യത നേടി.

സൂപ്പർ 8 പോരാട്ടങ്ങൾക്കൊടുവിൽ കെ.എസ്.ഇ.ബി (KSEB), കേരള പൊലീസ്, ഗോകുലം കേരള, കാലിക്കറ്റ് എഫ്.സി എന്നിവർ സെമി ഫൈനലിൽ പ്രവേശിച്ചു.

ആദ്യ സെമിയിൽ കേരള പൊലീസിനെ (2-1) വീഴ്ത്തി കാലിക്കറ്റ് എഫ്.സിയും, രണ്ടാം സെമിയിൽ കെ.എസ്.ഇ.ബിയെ (2-1) മറികടന്ന് ഗോകുലം കേരളയും ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കി.

കേരളത്തിലെ ഏറ്റവും ഉയർന്ന ഫുട്ബോൾ ലീഗായ കെ.പി.എല്ലിന്റെ ഈ 13-ാം പതിപ്പ് മലയാളി യുവതാരങ്ങൾക്ക് തങ്ങളുടെ കളിമിടുക്ക് പുറത്തെടുക്കാനുള്ള ഏറ്റവും വലിയ വേദിയായി മാറി. ടൂർണമെന്റിലുടനീളം മുന്നേറ്റ നിരക്കാർ കളം നിറഞ്ഞാടിയപ്പോൾ 200-ലധികം ഗോളുകളാണ് ഈ സീസണിൽ മാത്രം പിറന്നത്.

ഫൈനൽ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് ഗോകുലത്തിന്റെ പരിചയസമ്പത്തും കാലിക്കറ്റിന്റെ പുതുവീര്യവും തമ്മിലുള്ള പോരാട്ടമാണ്.

തങ്ങളുടെ ആറാം കെ.പി.എൽ ഫൈനലിനാണ് ഗോകുലം നാളെ ബൂട്ട് കെട്ടുന്നത്. നേരത്തെ 2017-18, 2020-21 സീസണുകളിൽ കിരീടം ചൂടിയ അവർ 3 തവണ റണ്ണേഴ്സ് അപ്പായിട്ടുണ്ട്. മൂന്നാം വട്ടവും കിരീടം നേടുകയാണ് 'മലബാറിയൻസിന്റെ' ലക്ഷ്യം.

കെ.പി.എല്ലിൽ തങ്ങളുടെ അരങ്ങേറ്റ സീസൺ കളിക്കുന്ന കാലിക്കറ്റ് എഫ്.സി ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. തങ്ങളുടെ കന്നി സീസൺ തന്നെ കിരീടത്തോടെ അവിസ്മരണീയമാക്കാനുറച്ചാകും അവർ മൈതാനത്തിറങ്ങുക.

Content highlights:

To advertise here,contact us