ഫിഫ ലോകകപ്പിന് കിക്കോഫ് വിസിൽ വീഴാൻ 18 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അർജന്റീനയുടെ ആദ്യ മത്സരത്തിന് 23 ദിവസം മാത്രവും.
ഈ സമയത്താണ് ആശങ്കയായി സൂപ്പര്‍ താരം ലിയോണൽ മെസിയുടെ പരിക്ക് വരുന്നത്. കഴിഞ്ഞ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ മത്സരം പൂർത്തിയാക്കാതെ മെസി മടങ്ങി.
73-ാം മിനിറ്റിൽ ഫ്രീ കിക്കിന് പിന്നാലെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെട്ട മെസി നേരേ ലോക്കർ റൂമിലേക്ക് നടക്കുകയായിരുന്നു. ഇതോടെ, താരത്തിന്റെ പരിക്കിനെ കുറിച്ച് ആശങ്കകള്‍ ഉയരുകയായിരുന്നു.
തുടഞരമ്പിൽ പരിക്കെറ്റെന്ന അഭ്യൂഹങ്ങൾ തുടക്കത്തിൽ ഉയർന്നെങ്കിലും, മുൻകരുതലിന്റെ ഭാഗമായി മെസി മൈതാനത്ത് നിന്ന് പിന്മാറുകയായിരുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
ലിയോണല്‍ മെസിയുടെ പേശികൾക്ക് പരിക്കില്ലെന്ന് അർജന്റീന ടീമിനൊപ്പം യാത്ര ചെയ്യാറുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയുന്നുണ്ട്. അതേസമയം, ഇന്റർ മയാമിയുടെ മെഡിക്കൽ സംഘം മെസിയെ പരിശോധിക്കും എന്ന് മാത്രമാണ് ഔദ്യോഗിക അറിയിപ്പ്.
നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ കൂടിയാണ് മെസി. ലോകകപ്പില്‍ അര്‍ജന്റീനയുടെ കുതിപ്പ് ലിയോയുടെ ഫോമിനെയും ആശ്രയിച്ചിരിക്കും. അള്‍ജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകൾ ആണ് ഗ്രൂപ്പിൽ അർജന്റീനയുടെ എതിരാളികൾ.
content highlights: lionel messi injury scare argentina fifa world cup 2026