ബേണ്‍ലിയോട് ജയിച്ചതിന് ശേഷം ആഴ്സനല്‍ കാത്തിരുന്നത് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മത്സരഫലമായിരുന്നു. കണ്ണിമ വെട്ടാതെ അവര്‍ നോക്കിയിരുന്നു, ഒടുവില്‍ ആശിച്ച ഫലം! മാഞ്ചെസ്റ്റര്‍ സിറ്റി, ബേണ്‍മത്തിനോട് സമനില വഴങ്ങി. ആഴ്സനലിന് കിരീടം! നീണ്ട രണ്ടുപതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനാണ് പീരങ്കിപ്പട വിരാമമിട്ടത്. കൃത്യമായിപ്പറഞ്ഞാല്‍ 22 വര്‍ഷത്തെ കാത്തിരിപ്പിന്. 2003-04 സീസണിലായിരുന്നു ആഴ്സനല്‍ ഒടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയിരുന്നത്. ഇത് നാലാം തവണയാണ് ആഴ്സനല്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാകുന്നത്. ഒമ്പത് തവണ കിരീടപ്പോരാട്ടത്തില്‍ തൊട്ടടുത്തെത്തി വീണുപോയിട്ടുണ്ട് ഗണ്ണേഴ്സ്. ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരായ അവസാന മത്സരത്തിന് ശേഷം ആഴ്സനലിന് ട്രോഫി സമ്മാനിക്കും. അന്ന് ഗംഭീര ജയത്തോടെ കിരീടം ചൂടാനാകും ആഴ്സനലിന്റെ ശ്രമം.
37 കളിയില്‍ 25 ജയവും ഏഴുസമനിലയും അഞ്ചുതോല്വിയുമാണ് ആഴ്സനലിന്റെ അക്കൗണ്ടിലുള്ളത്. 82 പേയിന്റാണ് മൈക്കല്‍ അര്‍ട്ടേറ്റയുടെ സംഘം സ്വന്തമാക്കിയത്. കെയ് ഹാവെര്‍ട്സും ബുകായോ സാക്കയും ഡെക്ലാന് റൈസും ലിയാന്‍ഡ്രോ ട്രൊസ്സാഡും വില്യം സാലിബയും ഡേവിഡ് റയയും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും എബരെച്ചി എസെയുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘാണ് ആഴ്സനലിന്റേത്. സീസണില്‍ ഭൂരിഭാഗവും ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോന്നത് ആഴ്സനലാണെങ്കിലും ഇടയ്ക്ക് മാഞ്ചെസ്റ്റര്‍ സിറ്റി വലിയ വെല്ലുവിളിയുയര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ആഴ്സനല്‍. അതിന് തൊട്ടുമുമ്പുള്ള വര്‍ഷവും ആഴ്സനല്‍ രണ്ടാമതായിരുന്നു. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് അന്ന് കിരീടം നഷ്ടപ്പെട്ടിരുന്നത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഇനി ആഴ്സനലിന്റെ ലക്ഷ്യം. ഈമാസം 30ന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് കളി നടക്കുന്നത്. നിലവിലെ ജേതാക്കളും ഫ്രഞ്ച് കരുത്തരുമായ പിഎസ്ജിയാണ് മത്സരത്തില്‍ എതിരാളി. ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനല്‍ കിരീടമുയര്‍ത്തിയാല്‍ അത് ചരിത്രമാകും. 2006ല്‍ ഫൈനലിലെത്തിയതാണ് അവരുടെ പ്രധാന നേട്ടം. ആദ്യ കിരീടത്തിലേക്ക് ഒരു ജയദൂരം മാത്രമാണ് ഗണ്ണേഴ്സിന് മുന്നിലുള്ളത്.
content highlights: End of a Two-Decade Wait; Arsenal Crowned English Premier League Champions