പോക്കറ്റുള്ള മുണ്ടുടുത്ത സ്റ്റൈലൻ മെസി; മിശിഹായുടെ വരവിനെ ആഘോഷിച്ച് രാജ്സ്ഥാൻ റോയൽസ്

നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീം എത്തുക എന്നാണ് ഔദ്യോഗികമായി അറിയിച്ചത്

ലയണൽ മെസിയും ലോക ജേതാക്കളായ അർജന്റീന ടീമും കേരളത്തിലേക്ക് എത്തും. നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീം എത്തുക എന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജന്റീന ഫുട്‌ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സർക്കാരുമായി ചേർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോൾ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

മെസിയുടെ വരവറിയിക്കുന്ന വാർത്തകൾ വമ്പൻ രീതിയിലാണ് ആളുകൾ ഏറ്റെടുക്കുന്നത്. ഫുട്‌ബോളിന്റെ അതികായൻ കേരളത്തിലേക്ക് ഏത്തുന്നതിന്റെ ആവേശം കേരള മണ്ണിന് മുഴുവനായുമുണ്ട്. മിശിഹായുടെ വരവിനെ ആഘോഷമാക്കുകയാണ് ഐപിഎൽ ക്ലബ്ബായ രാജസ്ഥാൻ റോയൽസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് രാജസ്ഥാൻ അവരുടെ ആവേശം അറിയിക്കുന്നത്.

നവംബറിൽ മെസി കേരളത്തിൽ കളിക്കുമെന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാാൻ പോസ്റ്റ് പങ്കുവെക്കുന്നത്.കഥകളി ആർട്ടിസ്റ്റുമായി മെസി നിൽക്കുന്നത്, മുണ്ടുടുത്ത് നിൽക്കുന്നത്, അമ്പലത്തിനും വെള്ളച്ചാട്ടത്തിനുമിടയിൽ നിൽക്കുന്നത്. അങ്ങനെ വ്യത്യസ്ത രീതിയിലുള്ള എഐ ഫോട്ടോസും റോയൽസ് ഇതിനൊപ്പം പങ്കുവെക്കുന്നു. നിരവധി ആരാധകർ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.

കേരള സർക്കാരുമായി ചേർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോൾ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

2024 സെപ്തംബർ 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തർ ലോകകപ്പിന്റെ സമയത്ത് തങ്ങൾക്കായി ആർത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അർജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാൻ അന്ന് വ്യക്തമാക്കിയിരുന്നു. ലയണൽ മെസി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അർജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സർക്കാർ സ്പോൺസർമാരെ അന്വേഷിച്ചതോടെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസർ ആയി നിയോഗിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബർ 20ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറിൽ ഒപ്പിട്ടു. എന്നാൽ 2025 മെയ് മാസത്തോടെ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തില്ലെന്ന നിലയിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയിരുന്നു. ഫിഫ പുറത്തുവിട്ട ഫുട്ബോൾ വിൻഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങൾ. അപ്പോഴും മെസി കേരളത്തിലേക്ക് വരുന്നതിൽ തടസ്സങ്ങളില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ജൂൺ ആറിന് അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനവുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വീണ്ടും എത്തി. 'മെസി വരും ട്ടാ' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇതിന് സോഷ്യൽ മീഡിയിൽ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാൻ പരിശ്രമിച്ച റിപ്പോർട്ടർ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും മെസി വരില്ലെന്ന പ്രചാരണം കൊഴുത്തു. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചുവെന്ന നിലയിലായിരുന്നു പ്രചാരണം. എന്നാൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഈ പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. നല്ലൊരു ഫുട്‌ബോൾ സ്റ്റേഡിയം ഇല്ലാത്ത കേരളത്തിൽ മെസി എങ്ങനെ കളിക്കുമെന്നായിരുന്നു അജണ്ട നിശ്ചയിച്ച് ചില വിശകലന വിദഗ്ധർ ഈ ഘട്ടത്തിൽ പ്രതികരിച്ചത്. മെസി എത്തുമെന്ന് സർക്കാരും സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡും കളവ് പ്രചരിച്ചുവെന്ന നിലയിൽ ഒരു വിഭാഗം മാധ്യമങ്ങൾ ഈ ഘട്ടത്തിൽ വീണ്ടും പ്രചാരണം നടത്തുകയായിരുന്നു.

മെസിയും സംഘവും കേരളത്തിലേയ്ക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭ്യൂഹങ്ങളോട് ആ ഘട്ടത്തിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കൃത്യമായി പ്രതികരിച്ചു. വാർത്താ സമ്മേളനം വിളിച്ചാണ് കമ്പനി എം ഡിയും റിപ്പോർട്ടർ ടി വി മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ വ്യക്തത വരുത്തിയത്. മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞോ?, അവർ കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കട്ടെ എന്നായിരുന്നു ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയത്. റിപ്പോർട്ടർ ടിവി എഗ്രിമെന്റ് വെച്ച കാലം മുതൽ മെസി വരില്ലെന്നാണ് പറയുന്നത്. നമ്മൾ എടുത്ത ഇനിഷ്യേറ്റീവിനെ ബഹുമാനിക്കണം. മെസിയും സംഘവും വരില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും ആന്റോ അഗസ്റ്റിൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് ശേഷം മെസി വരില്ലെന്ന മാധ്യമ പ്രചാരണങ്ങൾക്ക് അയവുവന്നു. ഏറ്റവും ഒടുവിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തന്നെ മെസിയുടെ വരവ് സ്ഥിരീകരിച്ചിരിക്കുകയാണ്.

Content Highlights- Rajasthan Royals Joins the Celebration of Lionel messi kerala Coming

To advertise here,contact us