1999-ലെ കാര്‍ഗില്‍ യുദ്ധത്തിന് പോകുന്നതിന് മുന്‍പ് നേം ചന്ദ് ജുറല്‍ തന്റെ ഭാര്യയ്ക്ക് ഒരു കത്തെഴുതാന്‍ ഇരുന്നു. അതൊരു സാധാരണ യാത്രയയപ്പായിരുന്നില്ല; വരും ദിവസങ്ങള്‍ തന്റെ കുടുംബത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കാമെന്നറിയാവുന്ന ഒരു സൈനികന്റെ പ്രായോഗികമായ കുറിപ്പായിരുന്നു അത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പണം എങ്ങനെ ക്രമീകരിക്കാമെന്ന് വിശദീകരിച്ച്, തന്റെ സമ്പാദ്യങ്ങളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും അദ്ദേഹം അതില്‍ എഴുതിവച്ചു. 'യുദ്ധം ആരംഭിച്ചപ്പോള്‍, ഞാന്‍ എന്റെ ഭാര്യയ്ക്ക് ഒരു കത്തെഴുതിയത് ഓര്‍ക്കുന്നു. എന്റെ എല്ലാ സമ്പാദ്യങ്ങളെക്കുറിച്ചും ഫിക്‌സഡ് ഡെപ്പോസിറ്റുകളെക്കുറിച്ചും, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങനെ പണം ക്രമീകരിക്കാമെന്നും ഞാന്‍ അവളോട് പറഞ്ഞു. 'പൈസ കാ സദുപയോഗ് കര്‍നാ' (പണം വിവേകത്തോടെ ഉപയോഗിക്കുക) എന്നും ഞാന്‍ അവളോട് പറഞ്ഞു' -നേം ചന്ദ് ഓര്‍ത്തെടുത്തു.
എട്ടാം ജാട്ട് റെജിമെന്റില്‍ അംഗമായിരുന്ന നേം ചന്ദ് കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടി; 2008-ല്‍ സൈന്യത്തില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷവും ആ അനുഭവം അദ്ദേഹത്തിന്റെ ഓര്‍മകളില്‍ മായാതെ നില്‍ക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം, തികച്ചും വ്യത്യസ്തമായ മറ്റൊരു പോരാട്ടക്കളത്തില്‍ തന്റെ മകന്‍ ധ്രുവ് ജുറല്‍ ഇന്ത്യയ്ക്കായി പൊരുതുന്നത് ഈ സൈനികന്‍ കാണുകയാണ്. നാഴികക്കല്ലുകള്‍ പിന്നിടുമ്പോള്‍ പിതാവിനെ ആദരിക്കാന്‍ ഈ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററിന് ഒരു പ്രത്യേക രീതിയുണ്ട്-പലപ്പോഴും പിതാവിന്റെ നേരെ നോക്കി സല്യൂട്ട് ചെയ്യുക. കാണുന്നതിനപ്പുറമുള്ള ആഴമേറിയ അര്‍ത്ഥമുള്ള ഒരു ആംഗ്യമാണത്. യുദ്ധത്തിന് ശേഷം തന്റെ റെജിമെന്റ് മലനിരകളില്‍ നിന്ന് താഴെയിറങ്ങിയ ദിവസം നേം ചന്ദ് ഓര്‍ക്കുന്നു. 'അക്ദും ജും കെ കാര്‍ഗില്‍ യുദ്ധ് ലഡേ ഥേ' (ഞങ്ങള്‍ സര്‍വ്വശക്തിയും എടുത്ത് കാര്‍ഗില്‍ യുദ്ധം ചെയ്തു). യുദ്ധം അവസാനിച്ചപ്പോള്‍, മലനിരകളില്‍ നിന്ന് ആദ്യം താഴെയിറങ്ങിയ റെജിമെന്റ് എട്ടാം ജാട്ട് ആയിരുന്നു എന്നെനിക്ക് ഓര്‍മ്മയുണ്ട്. വിജയത്തിന് ശേഷം ഞങ്ങള്‍ സമതലങ്ങളില്‍ എത്തിയപ്പോള്‍ അത് അവിശ്വസനീയമായി തോന്നി' -അദ്ദേഹം പറഞ്ഞു. 'ജൂലൈ 26 വിജയ് ദിവസ് ആയി പ്രഖ്യാപിച്ചു, ജൂലൈ 27-ന് ഞങ്ങള്‍ മലനിരകളില്‍ നിന്ന് താഴെയിറങ്ങി. യുദ്ധം നടന്നപ്പോള്‍ ധ്രുവ് ജനിച്ചിരുന്നില്ല..' -അദ്ദേഹം പറയുന്നു.
ഇപ്പോള്‍ തന്റെ മകന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കാണുമ്പോള്‍ നേം ചന്ദ് വ്യത്യസ്തമായ ഒരു വികാരമാണ് അനുഭവിക്കുന്നത്. ആദ്യകാലങ്ങളില്‍ പഠനത്തില്‍ മിടുക്കനായിരുന്നു ധ്രുവ്, എന്നാല്‍ ക്രിക്കറ്റ് മറ്റെന്തിനേക്കാളും മുന്‍ഗണനയായി മാറിയതോടെ പഠനം പിന്നിലായി. 'ആദ്യകാലങ്ങളില്‍ അവന്‍ പഠനത്തില്‍ വളരെ മിടുക്കനായിരുന്നു, എന്നാല്‍ ക്രിക്കറ്റ് അവന്റെ മുന്‍ഗണനയായതോടെ പഠനം പിന്നിലായി. എങ്ങനെയൊക്കെയോ അവന്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ കടന്നുകൂടി,' അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ല. 'ധ്രുവ് ക്രിക്കറ്റ് ഏറ്റെടുത്തപ്പോള്‍ ഒന്നിനും വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. അത് ബാറ്റായാലും, ക്രിക്കറ്റ് ഷൂസായാലും, മറ്റ് ഉപകരണങ്ങളായാലും, ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല' -അദ്ദേഹം പറഞ്ഞു. മകന്‍ കളിക്കുന്നത് കാണാന്‍ ഭാര്യയ്ക്കൊപ്പം ആദ്യമായി വിദേശയാത്ര നടത്തിയതിലൂടെ നേം ചന്ദിനും സ്വന്തമായി ഒരു പ്രത്യേക അനുഭവം ലഭിച്ചു. 'ആദ്യമായാണ് വിദേശത്ത് വരുന്നത്. ഇനി സീരീസിന് ശേഷം എവിടെയെങ്കിലും കറങ്ങാന്‍ പോകണോ എന്ന് അവന്‍ തീരുമാനിക്കും. അവന്‍ കുറച്ചേ സംസാരിക്കൂ, ഞങ്ങള്‍ കുറച്ചേ ചോദിക്കൂ' -അദ്ദേഹം പറഞ്ഞു.
ധ്രുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തെക്കുറിച്ചും അദ്ദേഹം ഓര്‍ത്തു. 'അവന്റെ അരങ്ങേറ്റം നടക്കുമ്പോള്‍ ഞാന്‍ വൃന്ദാവനില്‍ ബാങ്കെ ബിഹാരി ദര്‍ശനത്തിന് പോയിരുന്നു. ധ്രുവ് വിളിച്ചിരുന്നു പക്ഷേ ഞാന്‍ നിരസിച്ചു' -അദ്ദേഹം പറഞ്ഞു. നേം ചന്ദിനെ സംബന്ധിച്ചിടത്തോളം വിശ്വാസം എപ്പോഴും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അത്ര മുന്നിലല്ലെങ്കിലും, മകന്റെ നേട്ടങ്ങള്‍ അദ്ദേഹത്തിന് വലിയ കാര്യമാണെന്ന് വ്യക്തമാണ്. കാര്‍ഗിലിന്റെ മലനിരകളില്‍ ഒരിക്കല്‍ കാവല്‍ നിന്ന മനുഷ്യന്‍ ഇപ്പോള്‍ ക്രിക്കറ്റ് മൈതാനത്ത് തന്റെ മകന്‍ ഇന്ത്യയ്ക്കായി നിലകൊള്ളുന്നത് കാണുന്നു. നാഴികക്കല്ലുകള്‍ പിന്നിടുമ്പോഴെല്ലാം ധ്രുവ് സല്യൂട്ട് ചെയ്യാന്‍ കൈ ഉയര്‍ത്തുമ്പോള്‍, രാജ്യത്തിനായി പോരാടുക എന്നാല്‍ എന്താണെന്ന് തന്നെ പഠിപ്പിച്ച ആ സൈനികനെ ആദരിക്കാനുള്ള അവന്റെ രീതിയാണ് അതെന്ന് പറയാം. ധ്രുവിന്റെ സല്യൂട്ടിന് രാജ്യം തിരിച്ച് അഭിവാദ്യം ചെയ്യുന്നു.
content highlights: 'The Kargil War Behind That Salute': Dhruv Jurel Dedicates Tribute to His Father