ഐ പി എൽ 2027 സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികൾ വിൽക്കുന്നു. സഹ-ഉടമ ജയ് മേത്ത ഫ്രാഞ്ചൈസിയിലെ തന്റെ പകുതി ഓഹരികളാണ് വിൽക്കുന്നത്. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ അരേസ് മാനേജ്മെന്റാണ് നിക്ഷേപകർ.
ഏകദേശം 400 ദശലക്ഷം ഡോളറിന്റേതാണ് (ഏകദേശം 3,300 കോടിയിലധികം രൂപ) ഇടപാടെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 22.5 ശതമാനം ഓഹരികളാണ് കൈമാറുന്നത്. ഇതോടെ മൂന്ന് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്സിന്റെ ആകെ മൂല്യം ഏകദേശം 1.78 ബില്യൺ ഡോളറായി (ഏകദേശം 16,634 കോടി രൂപ) ഉയർന്നു.
നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 45 ശതമാനം ഓഹരിയാണ് ജയ് മേത്തയുടെ കൈവശമുള്ളത്. ശേഷിക്കുന്ന 55 ശതമാനം ഓഹരികൾ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെയും ജയ് മേത്തയുടെ ഭാര്യയും നടിയുമായ ജൂഹി ചൗളയുടെയും ഉടമസ്ഥതയിലാണ്. 2007-ൽ ബി.സി.സി.ഐ നടത്തിയ പ്രഥമ ഐ.പി.എൽ ഫ്രാഞ്ചൈസി ലേലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് വഴി ഇവർ ടീമിനെ സ്വന്തമാക്കിയത്.
പുതിയ ഓഹരി കൈമാറ്റത്തിന് ബി.സി.സി.ഐ ഔദ്യോഗിക അനുമതി ആവശ്യമാണ്. പുതിയ നിക്ഷേപകരുടെ പശ്ചാത്തലം ബി.സി.സി.ഐ സൂക്ഷ്മമായി പരിശോധിക്കും. ചട്ടപ്രകാരം, ഈ ഇടപാട് തുകയുടെ അഞ്ച് ശതമാനം ബി.സി.സി.ഐയ്ക്ക് ലഭിക്കാൻ അർഹതയുണ്ട്. ഇതുവഴി ഏകദേശം 20 ദശലക്ഷം ഡോളർ (ഏകദേശം 200 കോടി രൂപയോളം) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കും.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായ കെ.കെ.ആർ 2012, 2014, 2024 വർഷങ്ങളിൽ കിരീടം നേടുകയും 2021-ൽ റണ്ണേഴ്സ് അപ്പാവുകയും ചെയ്തിട്ടുണ്ട്.
content highlights: jay mehta to sell kkr stake to us firm ares management 400 million deal