ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്ന് പേസര്‍മാരെയും ഒരു ബൗളിംഗ് ഓള്‍റൗണ്ടറെയും ഉള്‍പ്പെടുത്തിയാണ് ആതിഥേയര്‍ കളത്തിലിറങ്ങുകയെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബുധനാഴ്ച വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളില്‍ കുടുങ്ങാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യു.ടി.സി പോയിന്റ് പട്ടികയെക്കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാള്‍, സ്വന്തം ശൈലിയില്‍ ഉറച്ചുനില്‍ക്കുന്നതിലാണ് ടീമിന്റെ വിജയസാധ്യതയെന്നും ലാഥം കൂട്ടിച്ചേര്‍ത്തു. ഈ സൈക്കിളില്‍ ആറ് ടെസ്റ്റുകളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമായി കിവീസ് നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
അതേസമയം, നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് അടുത്ത വര്‍ഷം നടക്കുന്ന ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുന്നതിനുള്ള പോരാട്ടത്തില്‍ നിലനില്ക്കാന് ഈ പരമ്പര വിജയിക്കേണ്ടത് അനിവാര്യമാണ്. 'ഞങ്ങള്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയും ഒരു ബൗളിംഗ് ഓള്‍റൗണ്ടറെയും കളിപ്പിക്കും,' ആദ്യ ടെസ്റ്റിന് മുന്നോടിയായി ലാതം പറഞ്ഞു. മാറ്റ് ഹെന്റി, കൈല്‍ ജാമിസണ് എന്നിവര്‍ക്കൊപ്പം മറ്റൊരു പേസറും അടങ്ങുന്നതാകും ന്യൂസീലന്‍ഡിന്റെ മൂന്നംഗ പേസ് നിര. ബൗളിങ് നിരയ്ക്ക് കൂടുതല്‍ സന്തുലിതാവസ്ഥ നല്കാന് ഓള്‍റൗണ്ടര്‍ സഹായിക്കും.
ആതിഥേയര്‍ 1-3ന് പരാജയപ്പെട്ട ഏകദിന പരമ്പരയ്ക്കിടെ തലയ്ക്കുണ്ടായ പരിക്കില്‍നിന്ന് മോചിതനായി പരിചയസമ്പന്നനായ പേസര്‍ മാറ്റ് ഹെന്റി റെഡ്-ബോള്‍ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നതില്‍ ലാഥം വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'മാറ്റ് ഹെന്റി പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്, റെഡ് ബോളില്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹം ആവേശഭരിതനായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' -ലാതം പറഞ്ഞു.
അതേസമയം, പരിക്കില്‍ നിന്ന് തിരിച്ചുവരുന്ന കെയ്ല്ല് ജാമിസണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ കഠിനാധ്വാനം ക്യാപ്റ്റനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. 'കൈല്‍ ജാമിസണ് വൈറ്റ് ബോള്‍ മത്സരങ്ങളില്‍ നന്നായി പന്തെറിഞ്ഞു, കഴിഞ്ഞ രണ്ടാഴ്ചയായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹം വലിയ പരിശ്രമമാണ് നടത്തിയിട്ടുള്ളത്' -ലാഥം വ്യക്തമാക്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ പ്രധാനമാണെങ്കിലും, പോയിന്റ് പട്ടിക നോക്കി ടീമിന്റെ ശൈലി മാറ്റാന്‍ തയ്യാറല്ലെന്ന് ലാഥം പറഞ്ഞു. 'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയല്ല എന്റെ ശ്രദ്ധ. നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങളുടെ തനതായ ശൈലിയില്‍ ക്രിക്കറ്റ് കളിക്കുകയും വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരം സൃഷ്ടിക്കുകയും ചെയ്യും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: New Zealand Gear Up for Test Series Against India with Three Pacers and a Bowling All-Rounder